ഇരുപത്തിയഞ്ച് നോമ്പ് ആചരണം .
ക്രിസ്തുമസ്സിന് മുന്നോടിയായി രക്ഷകനായ യേശുക്രിസ്തുവിനെ എതിരേല്‍ക്കാന്‍ മിക്കവാറും എല്ലാ ക്രിസ്തുമത വിഭാഗങ്ങളും ഒരുങ്ങാറുണ്ട്. കത്തോലിക്കര്‍ ഡിസംബര്‍ 1മുതല്‍ ക്രിസ്തു ജനിച്ച ദിവസം എന്ന് വിശ്വസിക്കപ്പെടുന്ന ഡിസംബര്‍ 25 വരെ 25 ദിവസം നോമ്പ് നോക്കിയാണ് ക്രിസ്തുമസ്സിനായി ഒരുങ്ങുന്നത്. കത്തോലിക്കാ വിശ്വാസികളുടെ ആരാധനാ ക്രമത്തില്‍ ' ആഗമന കാലം' ( Advent Season) എന്നാണ് ഈ കാലഘട്ടം അറിയപ്പെടുന്നത്. കത്തോലിക്കാ സഭയിലെ സീറോമലബാര്‍ റീത്തില്‍ ഈ കാലഘട്ടത്തെ ' മംഗള വാര്‍ത്താ കാലം ' എന്ന് പറയുന്നു . പിതാവായ ദൈവം മനുഷ്യവര്‍ഗ്ഗത്തോടുള്ള അനന്ത സ്നേഹത്തിന്റെ അടയാളമായി മനുഷ്യരെ രക്ഷിക്കുന്നതിന് വേണ്ടി തന്റെ ഏകജാതനായ യേശുവിനെ ഈ ലോകത്തിലേക്ക് അയച്ചുവെന്ന് ക്രൈസ്തവര്‍ വിശ്വസിക്കുന്നു. യേശുക്രിസ്തു നല്‍കുന്ന രക്ഷ പാപത്തില്‍ നിന്നുള്ള രക്ഷയാണ്. വിശ്വാസം കൊണ്ട് മാത്രം ആരും രക്ഷപ്പെടുകയില്ല. പ്രവര്‍ത്തിയില്ലാത്ത വിശ്വാസം വിശ്വാസമല്ല. വിശ്വാസവും സ്നേഹപൂര്‍ണ്ണമായ പ്രവര്‍ത്തനവും സമന്വയിപ്പിക്കുമ്പോളാണ് രക്ഷയുടെ സദ് വാര്‍ത്ത അര്‍ത്ഥപൂര്‍ണ്ണമാകുന്നത്.
രക്ഷകനായ യേശുവിനെ പ്രതീക്ഷിച്ചുകൊണ്ടുള്ള ഈ കാലഘട്ടത്തില്‍ ( ഇരുപത്തിയഞ്ച് നോമ്പ് ) ഉപവാസം , ഇഷ്ട വസ്തുക്കള്‍ വര്‍ജ്ജിക്കല്‍ , മാംസം വര്‍ജ്ജിക്കല്‍, ആശയടക്കം, ദാനധര്‍മ്മം ചെയ്യല്‍ തുടങ്ങിയവ ചെയ്തുകൊണ്ട് ക്രൈസ്തവര്‍ ക്രിസ്തുവിന്റെ വരവിനായി ഒരുങ്ങുന്നു. ആത്മപരിശോധനക്കുള്ള അവസരമായിട്ടാണ് ക്രൈസ്തവര്‍ ഈ അവസരം ഉപയോഗിക്കുന്നത്.
സീറോമലബാര്‍ റീത്തില്‍ ആരാധനാക്രമം ആരംഭിക്കുന്നത് മംഗള വാര്‍ത്താക്കാലത്തോടുകൂടിയാണ്. യേശുവിന്റെ രക്ഷാകര ചരിത്രത്തിലെ സംഭവങ്ങളെ കേന്ദ്രീകരിച്ചാണ് കത്തോലിക്കാ സഭയിലെ സീറോമലബാര്‍ റീത്തില്‍ ആരാധനാക്രമം ക്രമീകരിച്ചിട്ടുള്ളത്. ഇരുപത്തിയഞ്ച് നോമ്പിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും പ്രാര്‍ത്ഥനാശംസകള്‍ നേരുന്നു . ജീവിത വിശുദ്ധീകരണത്തിലൂടെ യേശുനാഥനെ നമുക്ക് എതിരേല്‍ക്കാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ