.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, നവംബർ 2, ബുധനാഴ്‌ച

നവംബര്‍ 3. ചലച്ചിത്ര നടന്‍ ശ്രീ ആര്‍. നരേന്ദ്ര പ്രസാദിന്റെ ചരമ ദിനം

അദ്ധ്യാപകന്‍, നാടക കൃത്ത് , നാടക സംവിധായകന്‍, ചലച്ചിത്ര നടന്‍, നിരൂപകന്‍ തുടങ്ങി വിവിധ മേഖലകളില്‍ തന്റെ കഴിവ് തെളിയിച്ച ശ്രീ ആര്‍. നരേന്ദ്രപ്രസാദ് ആലപ്പുഴ ജില്ലയില്‍ മാവേലിക്കരയില്‍ ശ്രീ രാഘവപണിക്കരുടേയും ശ്രീമതി ജാനകിയമ്മയുടേയും മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പന്തളം എന്‍.എസ്. എസ്. കോളേജില്‍ നിന്ന് കണക്കില്‍ ബിരുദം നേടി . അതിനുശേഷം ഇംഗ്ളീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം എടുത്തു . ഭാര്യ - നന്ദാപ്രസാദ് , രണ്ടു മക്കള്‍ . പാലക്കാട് വിക്ടോറിയ കോളേജ് ,പന്തളം എന്‍. എസ്.എസ്. കോളേജ് , തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളില്‍ അദ്ധ്യാപകനായിരുന്നു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ സ്കൂള്‍ ഓഫ് ലെറ്റേഴ്സിന്റെ ഡിറക്ടര്‍ ആയിരുന്നു . നാടക കലക്കുവേണ്ടി ഇന്ത്യയില്‍ ആദ്യമായി എം.ഫില്‍ കോഴ്സ് ഏര്‍പ്പെടുത്തിയത് അദ്ദേഹമാണ്. കുട്ടിക്കാലത്തു തന്നെ സാഹിത്യത്തില്‍ അഭിരുചി ഉണ്ടായിരുന്നു . സ്കൂളിലെ കയ്യെഴുത്ത് മാസികകളില്‍ എഴുതി തുടങ്ങിയെങ്കിലും  ബാലജനസഖ്യത്തിന് ഏകാങ്ക നാടകങ്ങള്‍ എഴുതിക്കൊണ്ടായിരുന്നു അറിയപ്പെട്ടു തുടങ്ങിയത് . ആദ്യ കവിത `കേരള ധ്വനി' എന്ന വാരാന്ത്യപ്പതിപ്പില്‍ അച്ചടിച്ചു വന്നു . പിന്നീട്, മാതൃഭൂമി, ദേശാഭിമാനി, മലയാള നാട് തുടങ്ങിയവയില്‍ എഴുതി തുടങ്ങി . ജി. ശങ്കരപിള്ളയുടെ നാടക പ്രസ്ഥാനവുമായി ബന്ധപ്പെട്ടുകൊണ്ടാണ് നാടകത്തില്‍ വരുന്നത്. ` നാട്യഗൃഹം ' എന്ന നാടക സംഘം നാടക രംഗത്ത് സജീവമായിരുന്നു. ` സൗപര്‍ണ്ണിക ' എന്ന നാടകത്തിന് കേരള സാഹിത്യ അക്കാഡമിയുടേയും കേരള സംഗീത അക്കാഡമിയുടേയും അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട് . ` പെരുവഴിയിലെ കരിയിലകള്‍' എന്ന ടെലിഫിലിമില്‍ അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്ര അഭിനയ രംഗത്ത് വരുന്നത്. ` അസ്ഥികള്‍ പൂക്കുന്നു ' എന്നതാണ് ആദ്യത്തെ സിനിമ . പിന്നീട് അങ്ങോട്ട് നിരവധി സിനിമകള്‍. ` തലസ്ഥാനം', `ഏകലവ്യന്‍', `പൈതൃകം', `ആറാം തമ്പുരാന്‍ ', തുടങ്ങി വളരെയധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ` പൈത്യക'ത്തിന് സംസ്ഥാന സര്‍ക്കാരിന്റെ സഹനടനുള്ള അവാര്‍ഡ് ലഭിച്ചു .

                                                                    2003 നവംബര്‍ 3ന് ആര്‍. നരേന്ദ്രപ്രസാദ് എന്ന ബഹുമുഖ പ്രതിഭ അന്തരിച്ചു . അദ്ദേഹത്തിന്റെ സ്മരണക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ