.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, ഒക്‌ടോബർ 26, ബുധനാഴ്‌ച

ഒക്ടോബര്‍ 27. പ്രശസ്ത കവി ശ്രീ വയലാര്‍ രാമവര്‍മ്മയുടെ ചരമ ദിനം

                         `` അച്ഛനുറങ്ങി കിടക്കുന്നു നിശ്ചലം
                             നിശബ്ദത പോലും അന്ന് നിശബ്ദമായ്
                             വന്നവര്‍ വന്നവര്‍ നാലുകെട്ടില്‍ തങ്ങി
                             നിന്നുപോയ് ഞാന്ന നിഴലുകള്‍ മാതിരി
                             ഇത്തിരി ചാണകം തേച്ച വെറും
                             നിലത്തച്ഛനുറങ്ങാന്‍ കിടന്നതെന്തിങ്ങനെ ''
`ആത്മാവില്‍ ഒരു ചിത ' എന്ന ശ്രീ വയലാര്‍ രാമവര്‍മ്മയുടെ കവിതയിലെ ആദ്യ വരികള്‍ ആണിവ. മരിച്ചു കിടക്കുന്ന തന്റെ അച്ഛനെ കാണുന്ന നിഷ്കളങ്കനായ ഒരു കുട്ടിയുടെ വികാരവിചാരങ്ങളാണ് ഈ കവിതയില്‍ കാണുക. ഇത് വായിക്കുന്ന ആരുടെ കണ്ണുകളാണ് നനയാതിരിക്കുക? അത്രക്ക് ഹൃദയസ്പര്‍ശിയാണ് ഈ കവിത . വയലാര്‍ രാമവര്‍മ്മയെന്ന അനശ്വരനായ കവിയുടെ രചനാ വൈഭവമാണ് നാമിവിടെ കാണുക.
                                                                   ആലപ്പുഴ ജില്ലയില്‍ ,ചേര്‍ത്തല താലൂക്കില്‍ ,വയലാര്‍ ഗ്രാമത്തില്‍ ശ്രീ വെള്ളാരപ്പള്ളി കേരളവര്‍മ്മയുടേയും ശ്രീമതി വയലാര്‍ രാഘവപ്പറമ്പില്‍ അംബാലിക തമ്പുരാട്ടിയുടേയും മകനായി 1928 മാര്‍ച്ച് 25ന് വയലാര്‍ രാമവര്‍മ്മ ജനിച്ചു . ചേര്‍ത്തല ഹൈസ്കൂളില്‍ ഔപചാരിക വിദ്യാഭ്യാസം . ഗുരുകുല സമ്പ്രദായത്തില്‍ സംസ്കൃതം പഠിച്ചു. കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ഗാഢ ബന്ധം പുലര്‍ത്തിപോന്നു. 1956ല്‍ `കൂടപ്പിറപ്പ് ' എന്ന സിനിമക്ക് വേണ്ടി  ` തുമ്പീ തുമ്പീ' എന്ന ഗാനം എഴുതിക്കൊണ്ട് ചലച്ചിത്ര ലോകത്തേക്ക് പ്രവേശിച്ചു. മതിയാവോളം, കൊതി തീരുംവരെ ഈ നിത്യഹരിത ഭൂമിയില്‍ ജീവിക്കാന്‍ കൊതിച്ച ഒരു മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം .
                            `` ചന്ദ്ര കളഭം ചാര്‍ത്തിയുറങ്ങും തീരം
                                ഇന്ദ്ര ധനുസ്സിന്‍ തൂവല്‍ കൊഴിയും തീരം
                                ഈ മനോഹര തീരത്തു തരുമോ
                                ഇനിയൊരു ജന്മം കൂടി
                                എനിക്കിനിയൊരു ജന്മം കൂടി (ചന്ദ്ര കളഭം......)
                                ഈ നിത്യ ഹരിതയാം ഭൂമിയിലല്ലാത
                                മാനസ സരസ്സുകളുണ്ടോ (2)
                                സ്വപ്നങ്ങളുണ്ടോ പുഷ്പങ്ങളുണ്ടോ
                                സ്വര്‍ണ്ണ മരാളങ്ങളുണ്ടോ
                                വസുന്ധരേ വസുന്ധരേ
                                മതിയാകും വരെ ഇവിടെ ജീവിച്ച് മരിച്ചവരുണ്ടോ (ചന്ദ്ര....)
`കൊട്ടാരം വില്‍ക്കാനുണ്ട് ' എന്ന സിനിമക്കു വേണ്ടി ശ്രീ വയലാര്‍ എഴുതി , ജി. ദേവരാജന്‍ സംഗീതം കൊടുത്ത്, ഗാനഗന്ധര്‍വന്‍ യേശുദാസ് പാടിയ ഈ പാട്ട് ഏത് മലയാളിയാണ് മറക്കുക?. നിരവധി വിപ്ളവ ഗാനങ്ങളും എഴുതിയിട്ടുണ്ട് ശ്രീ വയലാര്‍ . ` വിശറിക്കു കാറ്റു വേണ്ട ' എന്ന നാടകത്തിന് വേണ്ടി അദ്ദേഹത്തിന്റെ രചനക്ക് ശ്രീ ജി. ദേവരാജന്‍ സംഗീതം നല്‍കി , ശ്രീ കെ.എസ്. ജോര്‍ജ് പാടിയ `` ബലി കുടീരങ്ങളേ  ബലി കുടീരങ്ങളേ , ഇവിടെ ജനകോടികള്‍ ചാര്‍ത്തുന്നു നിങ്ങളില്‍ , സമര പുളകങ്ങള്‍ തന്‍ സിന്ദൂര മാലകള്‍.......എന്ന് തുടങ്ങുന്ന ഗാനം മലയാളികള്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. മനുഷ്യനെ സ്നേഹിക്കാത്ത ഒരു തത്വ ശാസ്ത്രത്തേയും എനിക്ക് സ്നേഹിക്കാനാവില്ല എന്നുള്ളതായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. ഈശ്വരനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശ്വാസവും വ്യത്യസ്തമല്ല. ` വാഴ്വേ മായം ' എന്ന സിനിമക്കു വേണ്ടി വയലാര്‍ രചിച്ച് , ജി. ദേവരാജന്‍ സംഗീതം നല്‍കി , യേശുദാസ് പാടിയ ഈ ഗാനം ഒരു ഉദാഹരണം മാത്രം.
                              `` ഈ യുഗം കലിയുഗം
                                  ഇവിടെയെല്ലാം പൊയ്മുഖം
                                  മനുഷ്യന്‍ മനുഷ്യനെ സ്നേഹിക്കുമ്പോള്‍
                                  മനസ്സില്‍ ദൈവം ജനിക്കുന്നു
                                  മനുഷ്യന്‍ മനുഷ്യനെ വെറുക്കാന്‍ തുടങ്ങുമ്പോള്‍
                                  മനസ്സില്‍ ദൈവം മരിക്കുന്നു - ദൈവം മരിക്കുന്നു.
ജീവിതത്തെ ആഴത്തില്‍ നോക്കി കണ്ട അദ്ദേഹം, കേരളീയന്റെ ഗാനാഭിരുചികളെ പ്രോത്സാഹിപ്പിക്കുകയും മെരുക്കിയെടുക്കുകയും ചെയ്തു . മനുഷ്യന്റെ സുഖവും ദുഖവും, വികാരങ്ങളും വിചാരങ്ങളും ഒരു പച്ച മനുഷ്യനായി നിന്നുകൊണ്ട് തിരിച്ചറിയുകയും അവയൊക്കെ കവിതകളാക്കുകയും ചെയ്തു ശ്രീ വയലാര്‍ . പ്രേമത്തെ കുറിച്ച് ` ചുവന്ന സന്ധ്യകള്‍ ' എന്ന സിനിമക്കു വേണ്ടി അദ്ദേഹം രചിച്ച് , ജി. ദേവരാജന്‍ സംഗീതം നല്‍കി, ശ്രീകാന്ത് പാടിയ ഈ ഗാനം ഇപ്പോഴും പുതുമുള്ളതാണ്.
                               `` ഇതിഹാസങ്ങള്‍ ജനിക്കും മുന്‍പേ
                                   ഈശ്വരന്‍ ജനിക്കും മുന്‍പേ
                                   പ്രകൃതിയും കാലവും ഒരുമിച്ച് പാടീ
                                   പ്രേമം ദിവ്യമാമൊരനുഭൂതി (ഇതിഹാസങ്ങള്‍ )
                                   പ്രേമം........പ്രേമം........പ്രേമം.......
                               
1961ല്‍ ശ്രീ വയലാര്‍ രാമവര്‍മ്മക്ക് കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് ലഭിച്ചു . 1969ല്‍ ` കടല്‍പ്പാലം ', നദി എന്നീ സിനിമകളിലെ ഗാനങ്ങള്‍ക്കും, 1972ല്‍ `ചെമ്പരത്തി ' യിലെ ഗാനത്തിനും, 1974ല്‍ ` സീമന്തിനി ' ,` നെല്ല് ' എന്നീ സിനിമകളിലെ ഗാനങ്ങള്‍ക്കും കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചു . 1972ലും, 1975ലും ദേശീയ അവാര്‍ഡുകള്‍ ലഭിക്കുകയുണ്ടായി. 1965ല്‍ `ചേട്ടത്തി ' എന്ന സിനിമയില്‍ പാടി അഭിനയിച്ചിട്ടുണ്ട്. ഭാര്യ- ചെങ്ങണ്ട പുത്തന്‍കോവിലകത്ത് ഭാരതി തമ്പുരാട്ടി. മക്കള്‍  - പ്രശസ്ത കവി ശരത്ചന്ദ്രന്‍, ഇന്ദുലേഖ, യമുന, സിന്ധു.
                                                                    
                                                                       1975 ഒക്ടോബര്‍ 27ന് ശ്രീ വയലാര്‍ രാമവര്‍മ്മയെന്ന അനശ്വരനായ കവി കാല യവനികക്കുള്ളില്‍ മറഞ്ഞു. അദ്ദേഹത്തിന്റെ പേരിലുള്ള `വയലാര്‍ രാമവര്‍മ്മ സാഹിത്യ അവാര്‍ഡ് ' ,1977മുതല്‍ എല്ലാ വര്‍ഷവും കൊടുത്തു വരുന്നു . ആ മഹാ പ്രതിഭയുടെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .
                               

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ