.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, ഒക്‌ടോബർ 3, തിങ്കളാഴ്‌ച

ജനുവരി 3.വി.ചാവറയച്ചന്റെ ഓര്‍മ്മതിരുനാള്‍. കൈനകരിയിലേക്കൊരു തീര്‍ത്ഥയാത്ര.

                  സെന്റ് കുര്യാക്കോസ് ഏലിയാസ് ചാവറ [ വിശുദ്ധ ചാവറയച്ചന്‍ ] ജനുവരി 3. ഓര്‍മ്മതിരുനാള്‍


വിശുദ്ധ കുര്യാക്കോസ് ചാവറ ഏലിയാസ് അച്ചന്റെ ജന്മ സ്ഥലമാണ് ആലപ്പുഴ ജില്ലയില്‍ കുട്ടനാടുള്ള കൈനകരി. 1805ഫെബ്രുവരി 10ന് ഒരു കൃസ്ത്യന്‍ കുടുംബത്തില്‍ കുര്യാക്കോസ് - മറിയം ദമ്പതികളുടെ മകനായാണ് ജനനം. 1805 ഫെബ്രുവരി 17ന് ചെന്നങ്കരിയിലെ സെന്റ് ജോസഫ്സ് സീറോ-മലബാര്‍ കത്തോലിക്കാ പള്ളിയില്‍ വച്ച് മാമൂദീസ സ്വീകരിച്ചു . വിദ്യാഭ്യാസത്തിനുശേഷം 1818ല്‍ പള്ളിപ്പുറം സെമിനാരിയില്‍ ചേര്‍ന്നു .1829 നവംബര്‍ 29ന് വൈദികനായി അര്‍ത്തുങ്കലിലെ സെന്റ് ആന്‍ഡ്രൂസ് ഫൊറോന ദേവാലയത്തില്‍ പ്രഥമ ദിവ്യബലി അര്‍പ്പിച്ചു. 1831ല്‍ ഫാ. തോമസ് പ്ളാക്കല്‍, ഫാ. തോമസ് പൊറുങ്കര എന്നിവരോടൊപ്പം ചേര്‍ന്ന് അദ്ദേഹം Servents of Mary Immaculate എന്ന സന്യാസ സഭ സ്ഥാപിച്ചു. മാന്നനത്തായിരുന്നു ആദ്യത്തെ സന്യാസ മന്ദിരം. മേല്‍ പറഞ്ഞ വൈദികരുടെ മരണശേഷം 1855ല്‍ അദ്ദേഹം സന്യാസ സഭയുടെ പ്രിയോര്‍ ജനറല്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് സഭയുടെ പേര്  CMI [Carmelities of Mary Immaculate ] എന്നായി. 1866ല്‍ അദ്ദേഹം ഫാ. ലിയൊപോള്‍ഡ് ബൊക്കാറൊയോട് ചേര്‍ന്ന് സ്ത്രീകള്‍ക്കായി CMC [Congregation of Mother Carmel ] എന്ന സന്യാസ സഭ സ്ഥാപിച്ചു. വലിയ ഒരു സാമൂഹ്യ പരിഷ്കര്‍ത്താവായിരുന്നു അദ്ദേഹം . സമൂഹത്തിലെ താഴെ തട്ടിലുള്ളവര്‍ക്ക് വിദ്യാഭ്യാസം കൊടുക്കുന്നതില്‍ അദ്ദേഹം ശ്രദ്ധയൂന്നി. 1846ല്‍ അദ്ദേഹം മാന്നാനത്ത് സെന്റ് ജോസഫ്സ് പ്രസ്സ് സ്ഥാപിച്ചു . ആദ്യത്തെ മലയാളം ന്യൂസ് പേപ്പറായ ` നസ്രാണി ദീപിക ' അവിടെ നിന്നാണ് അച്ചടിച്ച് ഇറക്കിയത്. അതേ വര്‍ഷം തന്നെ  അദ്ദേഹം മാന്നാനത്ത് ഒരു സ്കൂള്‍ സ്ഥാപിക്കുകയും ചെയ്തു . ഇന്ന് അദ്ദേഹം സ്ഥാപിച്ച സന്യാസ സഭകള്‍ വളര്‍ന്ന് പന്തലിച്ച് ലോകത്തിന്റെ നാനാഭാഗത്തും സേവനം  ചെയ്തുകൊണ്ടിരിക്കുന്നു. അതുപോലെ , അദ്ദേഹത്തിന്റെ പേരിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ അനേകായിരം കുട്ടികള്‍ വിദ്യാഭ്യാസം നേടുന്നു. 1871 ജനുവരി 3ന് അദ്ദേഹം ദിവംഗതനായി . ഭൗതീകശരീരം കൂനമ്മാവുള്ള സെന്റ് ഫിലോമിനാസ് ദേവാലയത്തില്‍ സംസ്കരിച്ചു. ജനുവരി 3ന് ആണ് അദ്ദേഹത്തിന്റെ ഓര്‍മ്മതിരുനാള്‍. ഒരു ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം . 2014 നവംബര്‍ 23ന് ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു . ജീവിതം സമൂഹത്തിന്റെ നന്മക്കായി മാറ്റിവെച്ച ഒരാളായിരുന്നു വിശുദ്ധന്‍.വിശുദ്ധനെ വണങ്ങി പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് നിരവധിയായ അനുഗ്രഹങ്ങള്‍ ലഭിക്കുന്നതായി അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട് .   
                                                                               കൈനകരിയില്‍ വിശുദ്ധന്റെ ജന്മസ്ഥലത്ത് പോയി പ്രാര്‍ത്ഥിക്കുവാന്‍ സാധിച്ചത് ഒരു ജീവിത സാഫല്ല്യമായി ഞാന്‍ കരുതുന്നു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ