സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരുടേയും ,ജീവിതത്തിന്റെ ഓരങ്ങളിലേക്ക് തള്ളപ്പെടുന്നവരുടേയും പ്രശ്നങ്ങള്‍ പ്രമേയങ്ങളാക്കി സിനിമയെടുത്തിരുന്ന ഒരു കലാകാരനായിരുന്നു ശ്രീ പി. എ. ബക്കര്‍. സംവിധാനം , നിര്‍മ്മാണം, കഥ, തിരക്കഥ, സംഭാഷണം എന്നിവയില്‍ തന്റേതായ ശൈലിയില്‍ സിനിമയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം തൃശൂര്‍ ജില്ലയില്‍ കാണിപ്പയ്യൂരില്‍ 1940 ല്‍ ജനിച്ചു . ശ്രീ അഹമ്മദ് മുസ്സലിയാരും ശ്രീമതി ഫാത്തിമയുമായിരുന്നു മാതാപിതാക്കള്‍ .തൃശൂരിന്റെ സാമൂഹ്യ , രാഷ്ട്രീയ ,സാംസ്കാരിക മണ്ഡലങ്ങളില്‍ നിറഞ്ഞുനിന്ന അദ്ദേഹം രാമു കരൃാട്ടിന്റെ ` നീലക്കുയില്‍ ' എന്ന സിനിമയില്‍ പ്രൊഡക്ഷന്‍ എക്സിക്കൂട്ടീവ് ആയി ആണ് സിനിമാരംഗത്ത് വന്നത് . രാമു കരൃാട്ട് സംവിധാനം ചെയ്ത ` മിന്നാമിനുങ്ങ് ', ` മുടിയനായ പുത്രന്‍ ' എന്നീ സിനിമകളുടെ സഹസംവിധായകന്‍ ആയിരുന്നു . 1969ല്‍ ശ്രീ പി. എം. മേനോന്‍ സംവിധാനം ചെയ്ത ` ഓളവും തീരവും ' നിര്‍മ്മിച്ചത് ശ്രീ പി. എ. ബക്കര്‍ ആയിരുന്നു .
നിലവിലുള്ള സിനിമാ സങ്കല്‍പങ്ങളെ മാറ്റി മറിച്ച ഒരാളായിരുന്നു ശ്രീ പി. എ. ബക്കര്‍ . ` കബനീ നദി ചുവന്നപ്പോള്‍ ' എന്ന സിനിമയിലൂടെയാണ് സംവിധായകനാകുന്നത്. 1976 ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ് ഈ ചിത്രം കരസ്ഥമാക്കി. അദ്ദേഹം തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത ` മണിമുഴക്കം ' ആയിരുന്നു അടുത്ത ചിത്രം . ഈ ചിത്രവും ഒട്ടേറെ പുരസ്കാരങ്ങള്‍ നേടി. തുടര്‍ന്ന് , ` ചുവന്ന വിത്തുകള്‍ ' തുടങ്ങി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തു . 1993 നവംബര്‍ 22ന് പ്രതിഭാധനനായ ശ്രീ പി. എ. ബക്കര്‍ അന്തരിച്ചു . അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ