.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, നവംബർ 19, ശനിയാഴ്‌ച

നവംബറിന്റെ ലാഭം [ ഒരു ഇന്റര്‍വ്യു കഥ ]

                                                                                       ` ഒരു ഇന്റര്‍വ്യു കഥ '

വിദ്യാഭ്യാസം കഴിഞ്ഞ് ജോലി അന്വേഷിച്ച് നടക്കുന്ന കാലം. 1977ല്‍ നടന്ന ഒരു സംഭവം . സര്‍ക്കാര്‍ ജോലിക്കുവേണ്ടി പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ വിജ്ഞാപനം നോക്കി അപേക്ഷ അയക്കലാണ് പ്രധാന പണി. വീട്ടില്‍ സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് , റ്റ്യൂഷന്‍ എടുത്തു കിട്ടുന്ന പണമാണ് പ്രധാന സാമ്പത്തിക സ്രോതസ്സ്. റ്റ്യൂഷന്‍ ഇല്ലാത്ത സമയങ്ങളില്‍ തൊട്ടടുത്തുള്ള , തിരുമുടിക്കുന്ന് ത്വക്ക് രോഗ ആശുപത്രിയോടനുബന്ധിച്ചുള്ള ( ഗാന്ധിഗ്രാം ത്വക്ക് രോഗ ആശുപത്രി ) ലൈബ്രറിയില്‍ പോയി വായിച്ചിരിക്കലാണ് പ്രധാന ഹോബി. എല്ലാ ആനുകാലിക പ്രസിദ്ധീകരണങ്ങളും പത്രങ്ങളും അവിടെ വായിക്കുവാന്‍ കിട്ടും . നല്ലൊരു പുസ്തക ശേഖരവും ഉണ്ടവിടെ. അതും യഥേഷ്ടം വായിക്കാം . അങ്ങനെ വായിച്ചും, റ്റ്യൂഷന്‍ എടുത്തും , ജോലിക്ക് അപേക്ഷ അയച്ചും കഴിഞ്ഞിരുന്ന കാലഘട്ടം. പലപല അപേക്ഷകള്‍ അയച്ച് ,എഴുത്ത്പരീക്ഷയില്‍ വിജയിച്ച ഒരെണ്ണത്തിന്റെ ഇന്റര്‍വ്യൂവുമായി ബന്ധപ്പെട്ടതാണ് സന്ദര്‍ഭം.

` അമ്മേ നാളെ രാവിലെ തിരുവനന്തപുരം വരെ എനിക്ക് പോകണം. ഷര്‍ട്ടും പാന്റും ശരിയാക്കി വയ്ക്കണം. ഒരു ഇന്റര്‍വ്യുവില്‍ പങ്കെടുക്കാനാണ് '. ഇന്റര്‍വ്യു നിത്യ സംഭവം പോലെയായിരുന്ന ഞാന്‍ പറഞ്ഞു .
` മോനെ പോകാന്‍ നിന്റെ കയ്യില്‍ പണം ഉണ്ടോ? ' അമ്മയുടെ ചോദ്യവും പതിവ് പോലെ തന്നെ.
` എന്റെ കയ്യില്‍ ഉണ്ട് . അമ്മ രാവിലെ നേരത്തെ വിളിച്ചാല്‍ മതി ' . ഞാന്‍ മറുപടി പറഞ്ഞു.
പിറ്റേ ദിവസം രാവിലെ 5 മണിക്കു തന്നെ അമ്മ വിളിച്ചുണര്‍ത്തി. പ്രഭാത കൃത്യങ്ങള്‍ കഴിഞ്ഞ് പോകാന്‍ നേരത്ത് അമ്മ പറഞ്ഞു .` മോനെ പ്രാര്‍ത്ഥിച്ചിട്ട് പൊയ്ക്കോളു' . അങ്ങനെ പ്രാര്‍ത്ഥിച്ച് ഇറങ്ങി. വൈകിട്ട് തിരുവനന്തപുരത്ത് എത്തി. പിറ്റേന്ന് രാവിലെ ഒന്‍പത് മണിക്ക്തന്നെ പട്ടത്തുള്ള PSC യുടെ പ്രധാന ഓഫീസിലെത്തി. 10 മണിക്കാണ് ഇന്‍റര്‍വ്യു. അഭിമുഖ പരീക്ഷക്കു വന്നവരുടെ തിരക്കു കണ്ടു ഞാന്‍ അമ്പരന്നുപോയി. ` ഏയ് ഇതൊന്നും കിട്ടാന്‍ പോകുന്നില്ല ' ഞാന്‍ മനസ്സില്‍ പറഞ്ഞു. തലേ ദിവസം വീട്ടില്‍ നിന്ന് പോരുമ്പോള്‍ തന്നെ ഇളയപ്പന്‍ വി. ഡി. വറീത് (അദ്ദേഹം BSNL എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ ആയിരിക്കെ മരിച്ചുപോയി ) ,അഭിമുഖ പരീക്ഷയില്‍ പങ്കെടുക്കേണ്ടതിനെപ്പറ്റി ഒരു വിശദീകരണം തന്നിരുന്നു. നാലഞ്ചു പേരുണ്ടാകും ഇന്റര്‍വ്യു ബോര്‍ഡില്‍. ഓരോരുത്തരും മാറിമാറി ചോദിച്ചുകൊണ്ടിരിക്കും. പേടിക്കേണ്ട ആവശ്യമില്ല. അറിയാവുന്നതിന് ഉത്തരം പറയുക. ആത്മവിശ്വാസം കൈവിടരുത്. പഠിച്ച വിഷയം മാത്രമല്ലാ, ഏത് വിഷയവും ചോദിക്കാം. നമുക്ക് അറിയാവുന്ന വിഷയത്തിലേക്ക് അവരെ കൊണ്ടുവരാന്‍ നോക്കണം. ഉത്തരം മുട്ടിക്കുവാന്‍ അവര്‍ നോക്കും. മുറിയില്‍ കടന്നു ചെല്ലുമ്പോള്‍ തന്നെ അഭിവാദനം പറയുക, തിരിച്ചു പോരുമ്പോള്‍ നന്ദി പറയുക. അങ്ങനെ ...അങ്ങനെ .

സമയം രാവിലെ 10 മണി. പ്യൂണ്‍ ഓരോരുത്തരെയായി മുറിയിലേക്ക് കടത്തിവിട്ടു തുടങ്ങി . പൊതുമരാമത്ത് വകുപ്പില്‍ `ഓവര്‍സിയര്‍' തസ്തികയിലേക്കാണ് ഇന്റര്‍വ്യു . അന്ന് മെക്കാനിക്കലും സിവിലും ഒരുമിച്ച് ആണ്. ഇന്ന് മെക്കാനിക്കല്‍ ഓവര്‍സിയറിനും സിവില്‍ ഓവര്‍സിയറിനും തിരിച്ച് തിരിച്ചാണ് അപേക്ഷ ക്ഷണിക്കുക. അഭിമുഖം കഴിഞ്ഞവര്‍ ഓരോരുത്തരായി തിരിച്ചുവന്നു തുടങ്ങി . കഴിഞ്ഞു വരുന്നവരോട് പുറത്ത് നില്‍ക്കുന്ന ഞങ്ങള്‍ ചോദിച്ചു.` എങ്ങനെയുണ്ടായിരുന്നു?. ` ഇത് വെറും തട്ടിപ്പ്. അവന്മാരുടെ അറിവ് പ്രകടിപ്പിക്കലാണ് അവിടെ നടക്കുന്നത്. തിരഞ്ഞെടുക്കേണ്ടവരെ മുന്‍പേ തിരഞ്ഞെടുത്തിട്ടുണ്ടാകും.' രോഷം പ്രകടിപ്പിച്ചുകൊണ്ടുള്ള അവരുടെ സംസാരം ആത്മവിശ്വാസം നഷ്ടപ്പെടുത്താനെ ഉപകരിച്ചുള്ളു. കൊച്ചുകുട്ടികളുമായി വന്നിരിക്കുന്ന അമ്മമാര്‍ വരെയുണ്ട് ഞങ്ങളുടെ കൂട്ടത്തില്‍. ഓരോരുത്തരായി മുറിയിലേക്ക് പോയിക്കൊണ്ടിരുന്നു. അങ്ങനെ എന്റെ ഊഴം വന്നു. പ്യൂണ്‍ കടത്തിവിട്ടു.
` ഗുഡ് മോര്‍ണിങ്ങ് സാര്‍ ' ചെന്നപാടെ ഞാന്‍ പറഞ്ഞു.
` ഗുഡ്മോണിങ്ങ് . ഇരിക്കൂ. യുവര്‍ നെയിം പ്ലീസ്? ' അഞ്ച് പേരുണ്ട് ഇന്റര്‍വ്യു ബോര്‍ഡില്‍. നടുവില്‍ ഇരുന്നിരുന്ന സാറാണ് തുടങ്ങിയത്.
`ഡേവീസ് ' എന്റെ മറുപടി . പഠിച്ച വിഷയത്തെ കുറിച്ച് ചോദിക്കാന്‍ ഒരു ടെക്നിക്കല്‍ എക്സ്പെര്‍ട്ട് ഉണ്ടായിരുന്നു ഇന്റര്‍വ്യു ബോര്‍ഡില്‍ . അദ്ദേഹം സിലബസ്സിലെ വിഷയങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. അറിയാവുന്ന രീതിയില്‍ ഞാന്‍ മറുപടി പറഞ്ഞു കൊണ്ടിരുന്നു. പെട്ടെന്ന് വിഷയത്തില്‍ നിന്നുമാറി ഒരാള്‍ ചോദിച്ചു .
` ഡേവീസ് എന്നല്ലെ പേര്‍ പറഞ്ഞത്?.
`അതെ സാര്‍' എന്റെ മറുപടി.
`ചരിത്രത്തില്‍ നിങ്ങളുടെ പേരുള്ള പ്രശസ്തരായ ചിലരുണ്ട്. ആരൊക്കെയെന്ന് പറയാമോ?'. ചോദ്യം കേട്ട് ഞാനൊന്ന് പതറി. പഠന വിഷയങ്ങളില്‍ നന്നായി ഉത്തരം പറഞ്ഞു എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ഇങ്ങനെയൊരു ചോദ്യം. തിരഞ്ഞെടുക്കേണ്ടവരെ മുന്‍പേ തിരഞ്ഞെടുത്തിട്ടുണ്ടാകും എന്ന് മുന്‍പേ പോയവര്‍ പറഞ്ഞത് ഓര്‍ത്തെങ്കിലും പൊതുവിജ്ഞാനം കുറവായിരുന്ന ഞാന്‍ ഒരുവിധത്തില്‍ പറഞ്ഞൊപ്പിച്ചു.
` ചിലരെപ്പറ്റി അറിയാം സാര്‍ '. മറുപടി കേട്ട അദ്ദേഹം ചോദിച്ചു.
` ഒരാളുടെ പേര്‍ പറയൂ'. ചോദ്യം കേട്ട ഉടനെ മറുപടി നല്‍കി . ` ഡേവിഡ് ലിവിങ്ങസ്റ്റണ്‍' . അദ്ദേഹം വിടാനുള്ള മട്ടില്ല. ` എന്തിന്റെ പേരിലാണ് പ്രശസ്തി?.
ഞാന്‍ തുടര്‍ന്നു. ` അദ്ദേഹം സ്കോട്ട്ലന്റുകാരനായിരുന്ന ഒരു കൃസ്ത്യന്‍ മിഷിനറിയായിരുന്നു. ദക്ഷിണാഫ്റിക്കയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തന മണ്ഡലം. വിശ്വാസത്തേയും സയന്‍സിനേയും ബന്ധപ്പെടുത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍'. ചോദ്യങ്ങള്‍ കഴിഞ്ഞുകാണും എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് അടുത്ത ആളുടെ ചോദ്യം.
` സയന്‍സ് - കൊള്ളാം. സയന്‍സും നിങ്ങളുടെ പേരുമായി ബന്ധപ്പെട്ട ഒരാളുടെ പേര്‍ പറയൂ. ഒരു ശാസ്ത്രജ്ഞന്‍?.
` സര്‍ ഹംഫ്റി ഡേവി ' ഉത്തരം കേട്ട ഉടനെ വന്നു ചോദ്യം.
`എന്തിന്റെ പേരിലാണ് അദ്ദേഹം പ്രശസ്തനായത്?' എന്നെ വിടാനുള്ള മട്ടില്ല.
` അദ്ദേഹമാണ് സാര്‍ പൊട്ടാസിയം, സോഡിയം, കാല്‍സ്യം, മെഗ്നീഷ്യം, മുതലായവ കണ്ടുപിടിച്ചത്. കൂടാതെ , അദ്ദേഹമാണ് ക്ലോറിന്റേയും എെയഡിന്റേയും മൂലകരൂപത്തിലുള്ള സ്വഭാവം കണ്ടുപിടിച്ചത്. വലിയ ഒരു കാര്യം പറഞ്ഞപോലെ ഞാന്‍ നിവര്‍ന്നിരുന്നു. പക്ഷെ അദ്ദേഹം നിറുത്തുന്നില്ല. ചോദ്യം വന്നു.
`അതിന്റെ പേരിലൊന്നുമല്ലല്ലോ അദ്ദേഹം സാധാരണക്കാരുടെ ഇടയില്‍ പ്രശസ്തനായത്?. അതെന്താണെന്ന് പറയൂ?. 
അദ്ദേഹമാണ് സാര്‍ ` Davy Lamp ' ന്റെ തത്വം കണ്ടുപിടിച്ചത്.
`ശരി, അതിനെപ്പറ്റി ഒന്ന് വിശദീകരിക്കൂ ' ഇടവിടാതെ ചോദിച്ചുകൊണ്ടിരിക്കുകയാണ്.
` പണ്ടുകാലങ്ങളില്‍ കല്‍ക്കരി ഖനികളില്‍ ഉപയോഗിച്ചിരുന്ന വിളക്കുകള്‍ മൂലം തീപിടുത്തങ്ങള്‍ സാധാരണയായിരുന്നു . ഖനികളിലുള്ള `` മീഥെയില്‍ '' ആണ് തീപിടുത്തത്തിന് കാരണം. Davy Lampലെ flameന്റെ (ജ്വാലയുടെ )പുറമെ ഇരുമ്പ് വലകൊണ്ടുള്ള ഒരു ആവരണം ഉള്ളതുകൊണ്ട് മീഥെയില്‍ നേരിട്ട് ജ്വാലയില്‍ പിടിക്കാതിരിക്കുന്നതുകൊണ്ട് തീപിടുത്തങ്ങള്‍ ഒഴിവാകുന്നു. ' വരുന്നോടത്ത് വച്ച് കാണാം എന്ന് വിചാരിച്ച് ഒറ്റ ശ്വാസത്തില്‍ പറഞ്ഞൊപ്പിച്ചു. ഇന്റര്‍വ്യു കഴിഞ്ഞുവെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് അതുവരെ മിണ്ടാതിരുന്ന അടുത്ത സാറിന്റെ ചോദ്യം .
` നിങ്ങളുടെ പേരുമായി ബന്ധപ്പെട്ടുള്ള ഒരു അന്തര്‍ദേശീയ Sports മത്സരമുണ്ട് . ഏതാണെന്ന് പറയാമൊ?
` ടെന്നീസ് ' ആണ് സാര്‍. എന്റെ മറുപടിയില്‍ തൃപ്തി വരാതെ അദ്ദേഹം ചോദിച്ചു .
` നിങ്ങളുടെ പേരുമായുള്ള ബന്ധം പറയൂ.' അങ്ങേര് എന്നെ ഉത്തരം മുട്ടിച്ചേ അടങ്ങൂ എന്നപോലെ എനിക്ക് തോന്നി . എനിക്കാണെങ്കില്‍ ടെന്നീസിനെപ്പറ്റി അത്ര അറിവില്ല. എങ്കിലും , ഏതോ ഒരു പേപ്പറില്‍ കണ്ട ഓര്‍മ്മ വെച്ച് ( ഗാന്ധിഗ്രാം ആശുപത്രി ലൈബ്രറിയില്‍ വച്ച് വായിച്ച ഏതോ ഒരു Sports Weeklyയിലാണ് ) ഒരു തട്ട് തട്ടി.
` അത് ഡേവീസ് കപ്പ് ' ആണ് സാര്‍. ഡേവീസ് കപ്പ് ടെന്നീസിനായുള്ള ഒരു അന്തര്‍ദേശീയ മത്സരമാണ്.
`Good , നിങ്ങള്‍ക്ക് പോകാം . അവര്‍ ഒരുമിച്ചാണ് അത് പറഞ്ഞത്.
` Thank You സാര്‍' . മറുപടി പറഞ്ഞ് ഞാന്‍ തിരിച്ചുപോന്നു.
ഒരു വര്‍ഷത്തോളം കഴിഞ്ഞപ്പോള്‍ PSCയുടെ അഡ്വൈസ് മെമ്മൊ വന്നു. അങ്ങനെ 1978 നവംബര്‍ 28ന് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി. തിരുമുടിക്കുന്ന് ഗാന്ധിഗ്രാം ത്വക്ക് രോഗ ആശുപത്രിയിലെ വായനശാലക്കും, എന്നെ പഠിപ്പിച്ച അദ്ധ്യാപകര്‍ക്കും, ഇളയപ്പന്‍ ശ്രീ വി.ഡി. വറീതിനും എനിക്ക് `ഡേവീസ് ' എന്ന് പേരിട്ട എന്റെ മാതാപിതാക്കള്‍ക്കും മനസ്സില്‍ നന്ദി പറഞ്ഞുകൊണ്ടാണ് ജോലിയില്‍ പ്രവേശിച്ചത്.

                                                                               നവംബറിന്റെ ലാഭം.

1 അഭിപ്രായം: