.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, നവംബർ 5, ശനിയാഴ്‌ച

നവംബര്‍ 9. മുന്‍ പ്രസിഡന്റ് ശ്രീ കെ. ആര്‍. നാരായണന്‍

ഇന്ത്യയുടെ മുന്‍ പ്രസിഡന്റ് ആയിരുന്ന ശ്രീ  കെ. ആര്‍. നാരായണന്‍ കോട്ടയം ജില്ലയില്‍ ഉഴവൂര്‍ വില്ലേജില്‍ പെരുന്താനത്ത് , കോച്ചേരി രാമന്‍ വൈദ്യരുടേയും പുന്നത്തു വീട്ടില്‍ പാപ്പിയമ്മയുടേയും മകനായി ജനിച്ചു . 1921ഫെബ്രുവരി 4ന് ആണ് ജനിച്ചത് എങ്കിലും സ്കൂളിലെ രേഖകള്‍ പ്രകാരം 1920 ഒക്ടോബര്‍ 27 ആണ് ജനന തിയതി. അതുകൊണ്ടുതന്നെ 1920 ഒക്ടോബര്‍ 27 ജനന തിയതിയായി അദ്ദേഹം തുടരുകയാണ് ഉണ്ടായത് . കുറിച്ചിത്താനം ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്കൂള്‍ , ഉഴവൂര്‍ ലൂര്‍ദ്ദ്മാത സ്കൂള്‍ , കൂത്താട്ടുകുളം സെന്റ് ജോണ്‍സ് സ്കൂള്‍ , കുറവിലങ്ങാട് സെന്റ് മേരീസ് സ്കൂള്‍ എന്നിവിടങ്ങളില്‍ പഠനത്തിനുശേഷം കോട്ടയം സി. എം. എസ്. സ്കൂളില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് പാസ്സായി. കേരള യൂണിവേഴ്സിറ്റിയില്‍ നിന്ന്  ബിരുദവും ബിരുദാനന്തര ബിരുദവും എടുത്തു . അതിനുശേഷം ` ദ ഹിന്ദു ' വിലും ` ദ ടൈംസ് ഓഫ് ഇന്ത്യ 'യിലും പത്രപ്രവര്‍ത്തകനായി ജോലി ചെയ്തു . ഇതിനിടയില്‍ മഹാത്മാഗാന്ധിയുമായി അഭിമുഖം നടത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു . 1945ല്‍ ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ ചേര്‍ന്ന് പൊളിറ്റിക്കല്‍ സയന്‍സ് എെശ്ചിക വിഷയമായി എടുത്ത് ബി.എസ്.സി.ഇക്കണോമിക്സ് പാസ്സായി. അക്കാലത്ത് ശ്രീ കെ. എം. മുന്‍ഷി പ്രസാധകനായ ` സോഷ്യല്‍ വെല്‍ഫെയര്‍ വീക്കിലി 'യില്‍ ലണ്ടന്‍ കറസ്പോണ്ടന്റ് ആയി ജോലി ചെയ്തു . 1948ല്‍ തിരിച്ചെത്തിയ അദ്ദേഹം നെഹ്റുവുമായി സൗഹൃദത്തിലായി. 1949 ല്‍ നെഹ്റുവിന്റെ ആവശ്യപ്രകാരം ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസില്‍ (I F S ) ചേര്‍ന്നു . നയതന്ത്രജ്ഞന്‍ എന്ന നിലയില്‍ ലങ്കൂണ്‍, ടോക്ക്യോ, ലണ്ടന്‍ , കാന്‍ബറ, ഹാനോയ് എന്നീ സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് .

                                                                              ശ്രീ കെ.ആര്‍. നാരായണന്‍ 1967 - 69ല്‍ തായ്ലണ്ടിലും , 73- 75ല്‍ തുര്‍ക്കിയിലും, 76- 78ല്‍ ചൈനയിലും അംബാസിഡര്‍ ആയിരുന്നു . ഡല്‍ഹി സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ പഠിപ്പിച്ചിട്ടുണ്ട് . ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഫെല്ലൊ ആയും വിദേശ കാര്യ മന്ത്രാലയ സെക്രട്ടറിയായും  ജോലി നോക്കിയിട്ടുണ്ട് . സര്‍വ്വീസില്‍ നിന്ന് റിട്ടയര്‍ ചെയ്തതിനു ശേഷം ഡെല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ വൈസ് ചാന്‍സലര്‍ ആയി സേവനം ചെയ്തു . ഇതിനിടയില്‍ അദ്ദേഹത്തെ സര്‍വ്വീസില്‍ തിരികെ വിളിക്കുകയും ശ്രീമതി ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് അമേരിക്കന്‍ അംബാസിഡര്‍ ആയി വിടുകയും ചെയ്തു . അതിനുശേഷം ശ്രീമതി ഇന്ദിരാഗാന്ധിയുടെ താല്പരൃപ്രകാരം രാഷ്ട്രീയത്തില്‍ വരുകയും 1984, 1989, 1991 എന്നീ വര്‍ഷങ്ങളില്‍ ലോകസഭാംഗമായി ഒറ്റപ്പാലത്ത് നിന്ന് മത്സരിച്ച് വിജയിക്കുകയും ചെയ്തു . ശ്രീ രാജീവ്ഗാന്ധി മന്ത്രിസഭയില്‍ 1985ല്‍ പ്ലാനിങ്ങ് വകുപ്പിന്റേയും 85- 86ല്‍ വിദേശകാരൃത്തിന്റേയും 86- 89ല്‍ സയന്‍സ് ആന്റ് ടെക്നോളജിയുടേയും മന്ത്രിയായിരുന്നു .

                                                                               1992 ആഗസ്റ്റ് 21ന് ഇന്ത്യയുടെ വൈസ് പ്രസിഡന്റ് ആയി ശ്രീ കെ. ആര്‍. നാരായണന്‍ തിരഞ്ഞെടുക്കപ്പെട്ടു. 1997 ജൂലൈ 17 ന് ഇന്ത്യന്‍ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു . 2002 ജൂലൈ 25 വരെ പ്രസിഡന്റ് ആയിരുന്നു . ബെര്‍മ്മായിലെ റങ്കൂണില്‍ ജോലി ചെയ്തിരുന്നകാലത്ത് സാമൂഹ്യ പ്രവര്‍ത്തകയായ മാ ടിന്റ് ടിന്റിനെ പരിചയപ്പെടുകയും 1951 ജൂണ്‍ 8ന് അവര്‍ തമ്മില്‍ വിവാഹിതരാവുകയും ചെയ്തു . മാ ടിന്റ് ടിന്റ് ഇന്ത്യന്‍ പൗരത്വം എടുക്കുകയും ഉഷ എന്ന പേര് സ്വീകരിക്കുകയും ചെയ്തു . നിരവധി പുസ്തകങ്ങളുടെ രചയിതാവാണ് ശ്രീമതി ഉഷാനാരായണന്‍. രണ്ട് പെണ്‍ മക്കളുണ്ട് ഈ ദമ്പതികള്‍ക്ക്. ബഹുമുഖ പ്രതിഭയായിരുന്ന ശ്രീ കെ. ആര്‍. നാരായണന്‍ 2005 നവംബര്‍ 9ന് അന്തരിച്ചു . അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ