.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, ഡിസംബർ 20, ചൊവ്വാഴ്ച

ഡിസംബര്‍ 21. ഡോ. പി. കെ. അയ്യങ്കാര്‍

ഇന്ത്യയിലെ പ്രമുഖ ആണവ ശാസ്ത്രജ്ഞനും , മുന്‍ ആണവോര്‍ജ്ജ കമ്മീഷന്‍ ചെയര്‍മാനും, കേരളത്തിന്റെ മുന്‍ ശാസ്ത്ര ഉപദേഷ്ടാവുമായിരുന്ന ശാസ്ത്രജ്ഞന്‍ ഡോ. പി. കെ അയ്യങ്കാര്‍ 1931 ജൂണ്‍ 29ന് തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ ജനിച്ചു . ഭൗതിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ബോംബെ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റും നേടിയതിനു ശേഷം 1952ല്‍ T. I .F. R ല്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1955ല്‍ ആറ്റൊമിക് എനര്‍ജി എസ്റ്റാബ്ലിഷ്മെന്റില്‍ സയന്‍ന്റിഫിക് ഓഫീസറായി. കാനഡയില്‍ ഡെപ്യുട്ടേഷനില്‍ പോയ അദ്ദേഹം തിരിച്ചെത്തിയതിനു ശേഷവും ഗവേഷണം തുടര്‍ന്നു. 1974ല്‍ പൊക്രാനില്‍ അണുവിസ്പോടനം വിജയകരമായി നടത്തുന്നതില്‍ പങ്കാളിയായി. 1984 - 90 കാലത്ത് ബി.എ.ആര്‍.സി.യുടെ ഡയറക്ടര്‍ ആയി. 1990 - 93കാലത്ത് ആറ്റൊമിക് എനര്‍ജി കമ്മീഷന്റെ ( A.E.C )ചെയര്‍മാനായും അതോടൊപ്പം ആണവോര്‍ജ്ജ വകുപ്പ് സെക്രട്ടറിയായും സേവനം ചെയ്തു . ഇതിനിടയില്‍ ഒട്ടേറെ പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. 1971ല്‍ ശാന്തിസ്വരൂപ് ഭട്നാഗര്‍ അവാര്‍ഡ് ലഭിച്ചു .1975ല്‍ പത്മഭൂഷണ്‍ അവാര്‍ഡ് നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു. സര്‍വ്വീസില്‍ നിന്ന് വിരമിച്ച ശേഷം കേരളത്തിന്റെ ശാസ്ത്ര ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചു . 2011ഡിസംബര്‍ 21ന് അദ്ദേഹം അന്തരിച്ചു . രാഷ്ട്രം കണ്ട പ്രമുഖ ശാസ്ത്രജ്ഞരില്‍ ഒരാളായ ഡോ. പി. കെ അയ്യങ്കാര്‍ എന്ന മഹാ പ്രതിഭയുടെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ