.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, ഡിസംബർ 26, തിങ്കളാഴ്‌ച

ഡിസംബര്‍ 27. വി. യോഹന്നാന്‍ ശ്ലീഹയുടെ ഓര്‍മ്മതിരുനാള്‍ ( Feast of St. John , the Apostle & Evangelist)

യേശു കൃസ്തുവിന്റെ ശിഷ്യനും സുവിശേഷകനുമായ വി.യോഹന്നാന്റെ ഓര്‍മ്മതിരുനാള്‍ ഡിസംബര്‍ 27ന് ആണ് ആഘോഷിക്കുന്നത്. യേശുവിന്റെ പന്ത്രണ്ടു ശിഷ്യരില്‍ ഒരാളായ വി.യോഹന്നാന്‍ മാത്രമാണ് യേശുവിന്റെ മരണംവരെ വിടാതെ പിന്‍തുടരുന്ന ഒരേയൊരു ശിഷ്യന്‍. അതുകൊണ്ടുതന്നെയാവാം തന്റെ മരണസമയത്ത് കുരിശിന്‍ ചുവട്ടില്‍ ഉണ്ടായിരുന്ന യോഹന്നാനെ , യേശു തന്റെ അമ്മയെ ഏല്‍പ്പിച്ചു കൊടുത്തുകൊണ്ട് ` ഇതാ നിന്റെ അമ്മ ' എന്ന് പറഞ്ഞത്. സുവിശേഷത്തിലെ വി. യോഹന്നാന്റെ സുവിശേഷവും , മൂന്ന് ലേഖനങ്ങളും, വെളിപാടിന്റെ പുസ്തകവും വിശുദ്ധന്റെ രചനകളാണ്. യേശു ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന ശിഷ്യന്‍ വി. യോഹന്നാന്‍ ആണെന്ന് കരുതപ്പെടുന്നു . യേശു ശിഷ്യന്മാരായിരുന്ന വി. യോഹന്നാനും വി.യാക്കോബും , ബെസയിദാക്കാരായ സെബദിയുടേയും സലോമിയുടേയും മക്കളായിരുന്നു. വി.യോഹന്നാന്‍ അവിവാഹിതനും ബ്രഹ്മചാരിയുമായിരുന്നു.

                                                                            വി. യോഹന്നാന്റെ ആഖ്യായനശൈലിയുടെ പ്രത്യേകതയെന്നു പറയുന്നത് , അദ്ദേഹം ഭൂമിയില്‍ കാണുന്ന സാധനങ്ങളേയും സംഭവങ്ങളേയും പ്രതീകാത്മകമായി,  ആദ്ധ്യാത്മികതയുമായി ബന്ധപ്പെടുത്തി എഴുതുന്നു എന്നുള്ളതാണ്. സാധാരണയായി കാണുന്ന വെള്ളം , അപ്പം, പ്രകാശം, ആടും ആട്ടിടയനും, മുന്തിരിവള്ളിയും മുന്തിരിയും, വചനം തുടങ്ങിയവയെ യേശുവിന്റെ symbol ആയി ഉപയോഗിച്ചുള്ളതാണ് അദ്ദേഹത്തിന്റെ രചനകള്‍ . വി. യോഹന്നാന്റെ സുവിശേഷം തുടങ്ങുന്നതുതന്നെ `` ലോകസൃഷ്ടിക്കു മുന്‍പ് തന്നെ, ആദിയില്‍ വചനം ഉണ്ടായിരുന്നു . വചനം ദൈവത്തോടു കൂടിയായിരുന്നു . ദൈവമായിരുന്നു ആ വചനം. എല്ലാം ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ടു. ദൈവത്തകൂടാതെ ഒന്നും ഉണ്ടാക്കപ്പെട്ടിട്ടില്ല ''. എന്ന് എഴുതിക്കൊണ്ടാണ്. യേശു ദൈവപുത്രനാണ് എന്ന് , ദൈവം തന്നെയാണെന്ന് അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നതാണ് വി.യോഹന്നാന്റെ രചനകള്‍ . ദൈവത്തിന്റെ സൃഷ്ടികളാണ് സകല ചരാചരങ്ങളുമെന്ന് അതിശക്തമായി എഴുതുകയാണ് സുവിശേഷകന്‍.

                                                                         മാര്‍ തോമ കൃസ്ത്യാനികളായ കേരള ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം വി. യോഹന്നാന്റെ സുവിശേഷവുമായി ഒരു ബന്ധവും കൂടിയുണ്ട്. വി. യോഹന്നാന്‍ മാത്രമാണ് സുവിശേഷത്തില്‍, കേരളസഭയുടെ പിതാവായ കൃസ്തുശിഷ്യന്‍ സെന്റ് തോമസിനെ കുറിച്ച് വിവിധ സംഭവങ്ങളുമായി ബന്ധപ്പെടുത്തി രേഖപ്പെടുത്തിയിട്ടുള്ളത്. അഞ്ച് സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് വി.യോഹന്നാന്റെ സുവിശേഷത്തില്‍ നാം സെന്റ് തോമസിനെ കാണുക . (1). അദ്ധ്യായം 11ല്‍. യേശുവും ശിഷ്യരും , മരിച്ച ലാസറിനെ കാണാന്‍ പോകുന്ന സന്ദര്‍ഭത്തില്‍, യേശുവിന് ശത്രുക്കള്‍ ഉള്ള സ്ഥലമായതിനാല്‍ മറ്റ്ശിഷ്യര്‍ യേശുവിനെ തടയാന്‍ ശ്രമിക്കുമ്പോള്‍ തോമസ് ശ്ലീഹ പറയുന്നുണ്ട് `` Let us go with the Teacher , so that we may die with him''. (2). അദ്ധ്യായം 14ല്‍. ഞാന്‍ പോകുന്ന വഴി നിങ്ങള്‍ക്ക് അറിയാം എന്ന് യേശു പറയുമ്പോള്‍ തോമസ് ശ്ലീഹ യേശുവിനോട് ചോദിക്കുകയാണ് `` Lord we do not know the way to get there?''. ഉടന്‍ യേശു മറുപടി പറയുന്നു. ``വഴിയും സത്യവും ജീവനും ഞാനാകുന്നു. എന്നിലൂടെ അല്ലാതെ ആരും പിതാവിന്റെ അടുക്കലേക്ക് വരുന്നില്ല.'' (3). അദ്ധ്യായം 20. യേശു മരിച്ച്, അടക്കപ്പെട്ട് ,ഉയിര്‍ത്ത് കഴിഞ്ഞപ്പോള്‍ ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷപ്പെട്ട സമയത്ത് തോമസ് ശ്ലീഹ ഉണ്ടായിരുന്നില്ല. മറ്റ് ശിഷ്യന്മാര്‍ പറഞ്ഞു, `` ഞങ്ങള്‍ യേശുവിനെ കണ്ടു''. അപ്പോള്‍ തോമസ് ശ്ലീഹ പറഞ്ഞു .`` Unless I see the scars of the nails in his hands and put my finger on those scars and my hands in his side , I will not believe''. (4).അദ്ധ്യായം 20. ഒരാഴ്ച കഴിഞ്ഞ് , അടച്ചിട്ടിരിക്കുന്ന മുറിയില്‍ ശിഷ്യന്മാര്‍ ഇരിക്കുമ്പോള്‍ യേശു പ്രത്യക്ഷപ്പെട്ടുകൊണ്ട് പറഞ്ഞു `` നിങ്ങള്‍ക്ക് സമാധാനം''. എന്നിട്ട് തോമസ് ശ്ലീഹയോട് പറഞ്ഞു. `` നിന്റെ കൈവിരല്‍ എന്റെ കയ്യിലെ ആണിപഴുതുകളില്‍ ഇടുക. നിന്റെ കയ്യ് എന്റെ പാര്‍ശ്വങ്ങളില്‍ വയ്ക്കുക.അവിശ്വാസിയാകാതെ വിശ്വാസിയാവുക ''. അപ്പോള്‍ തോമസ് ശ്ലീഹ പറയുന്നു `` My Lord and my God ''. (5). അദ്ധ്യായം 21. മീന്‍ പിടിക്കാന്‍ തെബരിയാസ് തടാകത്തില്‍ പോകുന്ന മറ്റ് ശിഷ്യന്മാര്‍ക്കൊപ്പം തോമസ് ശ്ലീഹയുമുണ്ട്. രാത്രി മുഴുവന്‍ വലയെറഞ്ഞിട്ടും മീന്‍ കിട്ടാതിരിക്കുമ്പോള്‍ യേശു പ്രത്യക്ഷപ്പെട്ടുകൊണ്ട് `` വഞ്ചിയുടെ വലതു ഭാഗത്ത് വലയെറിയുക.'' ശിഷ്യര്‍ വലയെറിയുന്നു, നിറയെ മീന്‍ കിട്ടുന്നു . ഈ സംഭവത്തിനും സാക്ഷിയാണ് തോമസ് ശ്ലീഹ . അങ്ങനെ തോമസ് ശ്ലീഹയെക്കുറിച്ച് വളരെ വ്യക്തമായി വി.യോഹന്നാന്‍ സുവിശേഷത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

                                                                     Holy Sprit (പരിശുദ്ധാത്മാവ് ) നെ കുറിച്ച് വ്യക്തമായി തന്റെ സുവിശേഷത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട് വി. യോഹന്നാന്‍ . ത്രിത്വൈക ദൈവത്തെ കുറിച്ച് ഇത്ര മനോഹരമായി മറ്റ് സുവിശേഷകന്മാര്‍ പ്രതിപാദിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. സുവിശേഷത്തിലെ വെളിപാടിന്റെ പുസ്തകം പ്രതീകങ്ങളെ ( Symbol ) ഉപയോഗിച്ചാണ് കൂടുതലായും രചിച്ചിട്ടുള്ളത്. A.D. 98ല്‍ വി. യോഹന്നാന്‍ മരിച്ചുഎന്ന് വിശ്വസിക്കപ്പെടുന്നു . ഡിസംബര്‍ 27ആണ് വി. യോഹന്നാന്റെ ഓര്‍മ്മ തിരുനാള്‍ ആചരിക്കുന്നത് . എല്ലാവര്‍ക്കും  തിരുനാള്‍ മംഗളങ്ങള്‍  ആശംസിക്കുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ