ദക്ഷിണാഫ്രിക്കയുടെ വീരനായകനും വര്‍ണ്ണ വിവേചനത്തിനെതിരായ പോരാട്ടത്തിന്റെ പ്രതീകവുമായ നെല്‍സണ്‍ മണ്ടേല 1918 ജൂലൈ 18 ന് ജനിച്ചു . അദ്ദേഹം നേതൃത്വം കൊടുത്ത ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിനെ , നിറത്തിന്റെ പേരില്‍ കറുത്ത വര്‍ഗ്ഗക്കാരെ വേട്ടയാടിയ ആഫ്രിക്കന്‍ ഭരണാധികാരികള്‍ ഭീകര സംഘടനയായി പ്രഖ്യാപിക്കുകയും, നീണ്ട 27 വര്‍ഷക്കാലം അദ്ദേഹത്തെ ജയിലില്‍ അടക്കുകയും ചെയ്തു . 1990ല്‍ അദ്ദേഹം ജയില്‍ മോചിതനായി. എല്ലാ ജനവിഭാഗക്കാരേയും ഉള്‍പ്പെടുത്തി നടത്തിയ തിരഞ്ഞെടുപ്പില്‍ ശ്രീ നെല്‍സണ്‍ മണ്ടേല വിജയിക്കുകയും 1994 മുതല്‍ 1999 വരെ അദ്ദേഹം ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റാവുകയും ചെയ്തു. 1999 ല്‍ പൊതുജീവിതം അവസാനിപ്പിച്ച അദ്ദേഹം പിന്നീട് വിശ്രമ ജീവിതം നയിച്ചു. പ്രായത്തില്‍ മുതിര്‍ന്നവരെ ബഹുമാന സൂചകമായി അദ്ദേഹത്തിന്റെ വംശക്കാര്‍ വിളിക്കുന്ന ` മാഡിബ ' എന്നാണ് ദക്ഷിണാഫ്രിക്കക്കാര്‍ അദ്ദേഹത്തെ സംബോധന ചെയ്തിരുന്നത്.
1990ല്‍ ഭാരത സര്‍ക്കാര്‍ ശ്രീ നെല്‍സണ്‍ മണ്ടേലയെ ` ഭാരത രത്നം ' അവാര്‍ഡ് നല്‍കി ആദരിച്ചു. 1993ല്‍ അദ്ദേഹം നോബല്‍ സമ്മാനം നേടി. 2013 ഡിസംബര്‍ 5ന് അദ്ദേഹം അന്തരിച്ചു . ലോക ജനതയുടെ സ്വാതന്ത്രൃത്തിനായി നെല്‍സണ്‍ മണ്ടേല നടത്തിയിട്ടുള്ള പ്രയത്നങ്ങളോടുള്ള ആദര സൂചകമായി , അദ്ദേഹത്തിന്റെ ജന്മദിനമായ ജൂലൈ 18, `നെല്‍സണ്‍ മണ്ടേല ' ദിനമായി 2009 മുതല്‍ എെക്യരാഷ്ട സഭയുടെ ആഹ്വാനം അനുസരിച്ച് ആചരിച്ചു തുടങ്ങി . വര്‍ണ്ണവിവേചനത്തിനെതിരെ പോരാടിയ ആ വീര നായകന്റെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ