.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, ഡിസംബർ 12, തിങ്കളാഴ്‌ച

ആ ചേട്ടന്റെ മകനാണ് ഞാന്‍ .

                                                                           ആ ചേട്ടന്റെ മകനാണ് ഞാന്‍ .
ഡിവൈന്‍ ധ്യാന കേന്ദ്രത്തിലെ ഫാ. അഗസ്റ്റിന്‍ വല്ലൂരാന്‍ തന്റെ അപ്പനെ കുറിച്ചുള്ള ഓര്‍മ്മകള്‍ , ശ്രീ സൈജൊ ചാലിശേരി തയ്യാറാക്കിയ ലേഖനത്തിലൂടെ പങ്കുവയ്കുന്നത് ` സണ്‍ഡേ ശാലോം ' വാരികയില്‍ വന്നത് വായിച്ചപ്പോള്‍ , അത് എന്നെ ഭൂതകാലത്തിലേക്ക് കൂട്ടികൊണ്ടു പോയി. `` ആ കണ്ണീരിന്റെ വിലയാണ് എന്റെ പൗരോഹിത്യം ''എന്നതാണ് ലേഖനത്തിന്റെ ഹെഡ്ഡിങ്ങ്. എന്റെ വീട്ടില്‍ ` സണ്‍ഡേ ശാലോം ' വരുത്തിയിരുന്നില്ല . തിരുമുടിക്കുന്ന് ഇടവകയിലെ  വികാരിയച്ചന്‍ ഫാ.പോള്‍ ചുള്ളിയുമായി സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ , അദ്ദേഹം പള്ളിയില്‍ വരുത്തുന്ന ഒരു `സണ്‍ഡേ ശാലോം ' വാരിക എടുത്തു തന്നുകൊണ്ടു പറഞ്ഞു.                                                                                                                                                                                                       
` മാഷേ ഇതൊന്ന് വായിച്ചു നോക്കിയേ. അഗസ്റ്റിന്‍ അച്ചനെ കുറിച്ച് ഒരു ലേഖനം ഉണ്ട് ഇതില്‍ '. 
` പുസ്തകം വായിച്ചിട്ട് തന്നാല്‍ പോരെ?' നാളെ കൊണ്ടു വരാം.' ഞാന്‍ ചോദിച്ചു .
` അതിനെന്താ കുഴപ്പം ?, എടുത്തോളു. എന്നെ മംഗലപ്പുഴ സെമിനാരിയില്‍ വെച്ച് പഠിപ്പിച്ചിട്ടുണ്ട് അഗസ്റ്റിന്‍ അച്ചന്‍ '. വികാരിയച്ചന്‍ പറഞ്ഞു. അങ്ങനെ ` സണ്‍ഡേ ശാലോം ' വീട്ടില്‍ കൊണ്ടുപോയി.
അപ്പനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്കുന്ന കൂട്ടത്തില്‍ ഒരിടത്ത് ഇങ്ങനെ പറഞ്ഞിരിക്കുന്നു.,                                                                                                                                                                      
 ``എന്റെ പൗരോഹിത്യ ദിനത്തിനായി ഒരു മാസം കുടുംബം മുഴുവന്‍ ഉപവാസമെടുത്ത് ഒരുങ്ങുകയായിരുന്നു. ആ സമയത്ത് ചില അപകടങ്ങള്‍ വീട്ടിലുണ്ടായി. എന്റെ ചേട്ടന്റെ മകന്‍ റോഡപകടത്തില്‍ പെട്ടു. ലോറിയുടെ അടിയിലേക്കാണ് കുട്ടി വീണത്. എന്നാല്‍ കുട്ടി കാരൃമായ പരുക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടു. എങ്കിലും അത് വലിയ ഷോക്ക് ആയി ''.
ഇത് 42 വര്‍ഷം മുന്‍പ് ,അതായത് 1974ല്‍ നടന്ന ഒരു സംഭവം. അഗസ്റ്റിന്‍ അച്ചന്‍ പുത്തന്‍ കുര്‍ബ്ബാന ചൊല്ലാന്‍ ഒരുങ്ങുന്ന കാലഘട്ടം . അച്ചന്റെ ഏറ്റവും മൂത്ത ജ്യേഷ്ഠന്‍ പൗലോസിന്റെ മകനാണ് ഞാന്‍ . ജ്യേഷ്ഠന്മാര്‍ തിരിഞ്ഞാണ് താമസിക്കുന്നതെങ്കിലും കുടുംബം മൊത്തം നൊയമ്പ് നോക്കി പ്രാര്‍ത്ഥിക്കുകയാണ്. ഒരു പുരോഹിതന്‍ കുടുംബത്തില്‍ ഉണ്ടാവാന്‍ പോകുന്നു . പരസ്നേഹ പ്രവര്‍ത്തനങ്ങളുടെ മദ്ധ്യസ്ഥനായ വി. വിന്‍സെന്റ് ഡീ പോളിന്റെ പ്രേഷിത ചൈതന്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ദാരിദൃം, അനുസരണം, ബ്രഹ്മചരൃം എന്നിവ ജീവിത വൃതമായി സ്വീകരിച്ച് ,വിന്‍സെന്‍ഷ്യന്‍ സന്യാസ സഭയിലാണ് അദ്ദേഹം ചേര്‍ന്നിട്ടുള്ളത്. അദ്ദേഹത്തിന്റെ പൗരോഹിത്യ സ്വീകരണത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയാണ് നാട്ടുകാരും വീട്ടുകാരും. ഞാന്‍ ചാലക്കുടി ITI യില്‍ പഠിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണത്.  രാവിലെ 7മണിക്കും ഒന്‍പത് മണിക്കും രണ്ടു ഷിഫ്റ്റിലായിട്ടാണ് ITI യില്‍ കുട്ടികള്‍ പഠിക്കുന്നത്. ഞാന്‍ 7മണിക്കുള്ള ഷിഫ്റ്റിലാണ്. 7 മണിക്ക് ചാലക്കുടിയില്‍ എത്തുവാന്‍ എല്ലാ ദിവസവും രാവിലെ 4മണിക്ക് ഉറക്കമുണരും. പ്രഭാത കൃത്യങ്ങള്‍ കഴിഞ്ഞ് ഉച്ചഭക്ഷണവും കുടയും പുസ്തകവുമെടുത്ത്  ചിറങ്ങര വരെ നടക്കും. അന്ന് NH ചിറങ്ങരയില്‍ നിന്നു കൊരട്ടിയിലേക്കുള്ള പുതിയ വഴി ആയിട്ടില്ല. റെയില്‍വേ ഗേറ്റ് ഉള്ള പഴയ വഴിയിലൂടെയാണ് വണ്ടികള്‍ പോകുന്നത്. എറണാകുളം ഭാഗത്തു നിന്ന് പ്രൈവറ്റ് ബസുകള്‍ ആണ് കൂടുതലായി ചാലക്കുടിയിലേക്ക് ഉള്ളത് . ഏകദേശം അര മണിക്കുര്‍ ഇടവിട്ടേ ബസുകള്‍ ഉള്ളൂ. മഴയുള്ളതുകൊണ്ട് ഒരു കയ്യില്‍ കുടയും മറ്റേ കയ്യില്‍ പുസ്തകങ്ങളും ചോറുപൊതിയും പിടിച്ചാണ് നടത്തം. ചിറങ്ങര ചെന്നാല്‍ ചാലക്കുടിയിലേക്ക് പോകാന്‍ റോഡ് ക്രോസ് ചെയ്യണം. ഇന്നത്തെ പോലെ സിഗ്നല്‍ സംവിധാനങ്ങള്‍ ഇല്ല. ദൂരത്തുനിന്നുതന്നെ തെക്കു ഭാഗത്തു നിന്ന് ബസ് വരുന്നതു കണ്ടു. ബസ് , സ്റ്റോപ്പില്‍ നിറുത്തിയപ്പോള്‍ റോഡ് ക്രോസ് ചെയ്യുവാന്‍ ഞാന്‍ തുനിഞ്ഞതും , വടക്കു ഭാഗത്തു നിന്ന് ഒരു ചരക്കുലോറി വന്ന് എന്റെ മേല്‍ ഇടിച്ചതും ഒപ്പമായിരുന്നു. വടക്കുനിന്നു വരുന്ന വണ്ടികള്‍ ഒരു വളവു തിരിഞ്ഞു വരുന്നതുകൊണ്ടായിരിക്കാം എനിക്ക് കാണാന്‍ പറ്റാതിരുന്നത്. എന്തായാലും , വണ്ടി ഇടിച്ച അപ്പോള്‍ തന്നെ എന്റെ ഒാര്‍മ്മ പോയി. ഓര്‍മ്മ വരുമ്പോള്‍ ഞാന്‍ ചാലക്കുടി ഗവണ്‍മേന്റ് ആശുപത്രിയിലാണ്. നോക്കുമ്പോള്‍, ചുറ്റും ITIലെ എന്റെ സഹപാഠികള്‍ ഉണ്ട്. തൊട്ടടുത്ത് തന്നെ , കൊരട്ടിJ&P coats ല്‍ (പിന്നീട് മധുരാകോട്സ് ആയത്) ജോലി ചെയ്തു കൊണ്ടിരുന്ന എന്റെ അപ്പന്‍ ഉണ്ട്. എന്തായാലും , ദൈവാനുഗ്രഹത്താല്‍ വലിയ പരുക്ക് ഒന്നും പറ്റിയില്ല. മൂന്ന് ദിവസം കൊണ്ട് എനിക്ക് ആശുപത്രി വിടാന്‍ കഴിഞ്ഞു .
                                                                           അഗസ്റ്റിന്‍ അച്ചന്‍ ഓര്‍മ്മക്കുറിപ്പില്‍ പറഞ്ഞ ആ ചേട്ടന്റെ മകന്‍ ഞാനാണ്. വിഷയം അതല്ലാ, 42 വര്‍ഷം കഴിഞ്ഞ ഒരു സംഭവം അച്ചന്‍ ഇപ്പോഴും ഓര്‍ത്തിരിക്കുന്നു എന്നുള്ളതാണ്. ഞാന്‍ പോലും മറന്നുതുടങ്ങി ആ സംഭവം. ഇത്രയും സ്നേഹവും, കരുതലും, ഓര്‍മ്മകളും ഞങ്ങളെക്കുറിച്ച് ഇപ്പോഴും മനസില്‍ സൂക്ഷിക്കുന്നു എന്നറിയുമ്പോള്‍ ഞാന്‍ അറിയാതെ കണ്ണ് നിറഞ്ഞുപോയി. തിരുമുടിക്കുന്നിന്റേയും ലോകം മുഴുവന്റേയും അഭിമാനമായ അഗസ്റ്റിന്‍ വല്ലൂരാന്‍ അച്ചന് ക്രിസ്തുവിന് വേണ്ടി ഇനിയും വേല ചെയ്യുവാന്‍ ആയുസും ആരോഗ്യവും ദൈവം പ്രദാനം ചെയ്യട്ടെയെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു , പ്രാര്‍ത്ഥിക്കുന്നു .

1 അഭിപ്രായം: