റോമന്‍ കത്തോലിക്കാ സഭയിലെ ഈശോസഭയെന്ന (Society of Jesus അല്ലെങ്കില്‍ ജസ്സ്യൂട്ട് ) സന്യാസ സമൂഹത്തിന്റെ സ്ഥാപകരില്‍ ഒരാളായിരുന്ന വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ സ്പെയിനില്‍ 1506 ഏപ്രില്‍ 7ന് ജനിച്ചു . 1537ജൂണ്‍ 24ന് പൗരോഹിത്യം സ്വീകരിച്ചു . വി. ഇഗ്നേഷ്യസ് ലയോളയുടെ അനുയായി ആയിരുന്ന അദ്ദേഹം സുവിശേഷ പ്രചരണത്തിനായി പൗരസ്ത്യ ദേശത്തേക്ക് നിയോഗിക്കപ്പെട്ടു. 1542ല്‍ ഇന്ത്യയില്‍ എത്തി . ഗോവയായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ വേദ പ്രചാരണ സ്ഥലം. ഇന്ത്യയിലെ വേദപ്രചാരണത്തിനിടയില്‍ ജപ്പാന്‍, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളിലേക്ക്പോയി അവിടേയും സുവിശേഷ വേല നടത്തിയിരുന്നതായി പാരമ്പര്യമായി വിശ്വസിക്കപ്പെടുന്നു . 1552ല്‍ ചൈനയിലേക്ക് പോവുകയും അവിടെ വച്ച് 1552 ഡിസംബര്‍ 3ന് അന്തരിച്ചു എന്നുമാണ് വിശ്വാസം . മൃതദേഹം ആദ്യം സംസ്കരിച്ചത് ഷാങ്ങ്ചുവാന്‍ ദ്വീപിലെ കടല്‍ തീരത്താണ്. 1553ല്‍ മൃതദേഹം മലാക്കയിലെ വി. പൗലോസിന്റെ നാമധേയത്തിലുള്ള പള്ളിയിലേക്ക് മാറ്റുകയും അതേ വര്‍ഷം തന്നെ ഗോവയിലേക്ക് കൊണ്ടുവരുകയും ഇപ്പോള്‍ ഗോവയിലെ ബോം ജീസസ്സ് ഭദ്രാസന ദേവാലയത്തില്‍ വണങ്ങപ്പെടുകയും ചെയ്യുന്നു . 1619ല്‍ ഫ്രാന്‍സിസ് സേവ്യറെ പൗലോസ് അഞ്ചാമന്‍ മാര്‍പ്പാപ്പ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു . 1622 മാര്‍ച്ച് 12ന് ഗ്രിഗോറിയോസ് പതിനഞ്ചാമന്‍ മാര്‍പ്പാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു . വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ മദ്ധ്യസ്ഥതയാല്‍ നിരവധിയായ അത്ഭുതങ്ങള്‍ നടക്കുന്നതായും അനുഗ്രഹങ്ങള്‍ ലഭിക്കുന്നതായും അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ഈശോ സഭ അഥവാ, ജസ്സ്യൂട്ട് (Society ofJesus) സന്യാസ സമൂഹം ഇന്ന് ലോകത്തിന്റെ നാനാ ഭാഗത്തും സുവിശേഷ വേല ചെയ്തുകൊണ്ടും സാധു ജന സേവനം ചെയ്തുകൊണ്ടും വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു. കത്തോലിക്കാ സഭയുടെ ഇപ്പോഴത്തെ മാര്‍പ്പാപ്പ പോപ്പ് ഫ്രാന്‍സീസ് Society of Jesus ( ജസ്സ്യൂട്ട് ) സന്യാസ സമൂഹത്തില്‍ നിന്നുള്ള അര്‍ജന്റീനക്കാരനായ ഒരു പുരോഹിതനാണ്.
ഡിസംബര്‍ 3 ന് വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ ഓര്‍മ്മതിരുനാള്‍ ( Feast ) ആഘോഷിക്കുന്നു. എല്ലാവര്‍ക്കും വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ ഓര്‍മ്മതിരുനാളിന്റെ മംഗളങ്ങള്‍ നേരുന്നു .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ