.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, സെപ്റ്റംബർ 19, തിങ്കളാഴ്‌ച

തിരുമുടിക്കുന്ന് പള്ളി പ്ളാറ്റിനം ജൂബിലി സ്മരണിക- ഒരു ഒാര്‍മ്മക്കുറിപ്പ്

"......അയ്യോ ചേട്ടാണ്ടവരുന്നില്ല..!..".
-------------------------------------------------------------------------------
പ്ലാറ്റിനം ജൂബിലി സ്മരണിക തയ്യാറാക്കലുമായി ബന്ധപ്പെട്ട ചില ഓർമ്മക്കുറിപ്പുകൾ. ഒരു നർമ്മ ഭാവന.
                                                   
--------------------------------------------------------------------------
ഞായറാഴ്ച

“…അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തുതി. ഭൂമിയിൽ മനുഷ്യർക്ക് സമാധാനവും പ്രത്യാശയും എപ്പോഴും എന്നേക്കും….”

“…….ആമ്മേൻ…..”.

വികാരിയച്ചൻ രാവിലെ അഞ്ചരമണിക്കുള്ള കുർബ്ബാന ആരംഭിച്ചു. പതിവുപോലെയുള്ള കുർബ്ബാനയാണെങ്കിലും എന്നെ സംബന്ധിച്ചിടത്തോളം  ഏറെ പ്രാധാന്യമുള്ള ദിവസമാണ്. “അറിയിപ്പുകളിൽ” ഇടവകയുടെ പ്ലാറ്റിനംജൂബിലി സ്മരണികയെക്കുറിച്ച് അച്ചൻ പറയുന്ന ദിവസം.

രണ്ടുമാസമായി ജൂബിലി കഴിഞ്ഞിട്ട്. സ്മരണിക അച്ചടിക്കാൻ ഉത്തരവാദിത്വപ്പെടുത്തിയങ്കിലും ഇതുവരെ പ്രകാശനം ചെയ്യാൻ സധിച്ചില്ല. പലവിധ കാരണങ്ങൾ കൊണ്ട് വൈകിപ്പോയി.

തലേ ദിവസം ശനിയാഴ്ച അച്ചൻ വിളിച്ചിരുന്നു.
സ്നേഹം വരുമ്പോൾ “….മാഷേ…” എന്നും “….ചേട്ടാ….” എന്നും “….വി.സി….” എന്നും “….വൈസ് ചെയർമാനേ….” എന്നും മാറി മാറി വിളിച്ചിരുന്ന അച്ചൻ അന്നു വിളിച്ചപ്പോൾ സംബോധനയില്ല!.

“..ഹലോ….”

അച്ചന്റെ ഫോൺ നമ്പർ എന്റെ ഫോണിൽ ഉള്ളതുകൊട് കണ്ടപ്പോൾ തന്നെ സ്മരണിക അച്ചടിക്കുന്ന പ്രസ്സിൽ ഇരുന്നുകൊണ്ട്

“…ഈശോ മിശിഹാക്ക് സ്തുതിയായിരിക്കട്ടേ അച്ചോ.. എന്തേ വിളിച്ചത്..” ഞാൻ ചോദിച്ചു. 

“….ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ, എന്നാണ് സ്മരണിക പ്രകാശനം ചെയ്യാൻ പറ്റുക?...., ഒരുകാര്യം ഏൽപ്പിച്ചാൽ ഉത്തരവാദിത്വത്തോടെ ചെയ്യണമെന്ന് ഞാൻ പറയാതെ അറിയാല്ലോ. മൂന്നു പ്രാവശ്യം മാറ്റി വെച്ചതാണ്…..”.

വൈകാനുള്ള തടസ്സങ്ങൾ പറയാമെന്ന് വിചാരിച്ചെങ്കിലും പത്താം ക്ലാസ്സിൽ പഠിച്ചപ്പോൾ കൊരട്ടി സ്കൂളിലെ ജെയിംസ് മാഷ് പറഞ്ഞുതന്നത് ഓർത്തു.
“ഇരുന്ന് പഠിച്ചോ, നടന്ന് പഠിച്ചോ, കിടന്ന് പഠിച്ചോ എന്ന് ആർക്കും അറിയേണ്ടതില്ല. തോറ്റോ ജയിച്ചോ…റിസൾട്ടാണ് അറിയേണ്ടത്”.

ഫോണിൽ വികാരിയച്ചനാണെന്ന് മനസ്സിലാക്കിയ DTP എടുക്കുന്ന പെൺകുട്ടി പറഞ്ഞു.

“…ചേട്ടാ ഇനി വൈകില്ല. അടുത്ത ഞായറാഴ്ച പ്രകാശനം ചെയ്യാൻ പറ്റുമെന്ന് പറഞ്ഞോളൂ. ഞങ്ങൾ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ ശരിയാക്കിയിരിക്കും…….”.

എന്തുനല്ല കുട്ടി.. !.  ഞാൻ മനസ്സിൽ പറഞ്ഞു.

“…..അച്ചാ അടുത്ത ഞായറാഴ്ച പ്രകാശനം ചെയ്യാൻ പറ്റും. നാളെ പള്ളിയിൽ വിളിച്ച് പറഞ്ഞോളൂ…”.
അച്ചൻ വീണ്ടും പറഞ്ഞു. “…ഞാൻ നാളെ പള്ളിയിൽ വിളിച്ച് പറയും. ഇനി ഒരുകാരണവശാലും വൈകിപ്പിക്കരുത്…”.

ഞാൻ ഉറപ്പ് കൊടുത്തു.

ഇതെങ്ങനെ സംഭവിക്കും. ഞാൻ പുരുഷനെ അറിയുന്നില്ലല്ലോ?. എന്ന് പ.കന്യകാ മറിയം ഗബ്രിയേൽ ദൈവദൂതനോട് ചോദിച്ച പോലെ ഞാനാ കുട്ടിയോട് ചോദിച്ചു.

“….മോളേ DTP എടുത്തുകഴിഞ്ഞിട്ടില്ലല്ലോ?. അതുകഴിഞ്ഞ് പ്രൂഫ് നോക്കണം, തെറ്റുതിരുത്തണം, പ്രിന്റ് എടുക്കണം , കവർ അച്ചടിക്കണം, ലാമിനേറ്റ് ചെയ്യണം, പരസ്യക്കാർക്കുള്ള കോപ്പികൾ കൊണ്ടുപോയി കൊടുത്ത് പണം വാങ്ങി നിങ്ങൾക്ക് തരണം, മുവായിരം കോപ്പി പ്രിന്റ് ചെയ്യണം, ബൈൻഡ് ചെയ്യണം. ഇതെല്ലാം അടുത്ത ഒരാഴ്ചക്കുള്ളിൽ സംഭവിക്കുമോ?...” .

“….ചേട്ടൻ ധൈര്യമായി പൊയ്ക്കോളൂ. അടുത്ത ശനിയാഴ്ച മുവായിരം കോപ്പി നിങ്ങളുടെ പള്ളിയിൽ എത്തിച്ചിരിക്കും. ചേട്ടന് ഞായറാഴ്ച അത് വീടുകളിൽ എത്തിക്കാം…”.

അങ്ങനെ ഞാൻ പോന്നു. ഞായറാഴ്ച ‘അറിയിപ്പുകൾ’ അറിയിക്കുന്ന സമയമായി. അച്ചൻ ഓരോന്നായി പറഞ്ഞു തുടങ്ങി.

“…കഴിഞ്ഞ ഞായറാഴ്ചത്തെ പിരിവ് ………… രൂപ…”.
“…..നമ്മുടെ പള്ളിയുടെ പ്ലാറ്റിനം ജൂബിലി കഴിഞ്ഞിട്ട് രണ്ട് മാസമായെങ്കിലും സ്മരണിക അച്ചടിക്കാൻ വൈകിപ്പോയി. ചില സാങ്കേതിക തടസ്സങ്ങളുണ്ടായിരുന്നു. അതെല്ലാം നീങ്ങി. അടുത്ത ഞായറാഴ്ച രാവിലത്തെ കുർബ്ബാനക്കുശേഷം സ്മരണിക പ്രകാശനം ചെയ്യുന്നതാണ്.  കമ്മിറ്റികാർ വളരെയധികം ബുദ്ധിമുട്ടി. എല്ലവർക്കും ഇടവകയുടെ പേരിൽ നന്ദി പറഞ്ഞുകൊള്ളുന്നു….”. 
 
അച്ചൻ അഡ്വാൻസായി നന്ദിയും പറഞ്ഞു.

എന്റെ ഹൃദയമിടിപ്പ് കൂടി. ഇനി ഒരാഴ്ചയേ ഉള്ളൂ. കമ്മിറ്റിക്കാർക്കെല്ലാം സന്തോഷമായി. എല്ലാവരും ഉത്സാഹമുള്ളവരായി.

അടുത്ത ഞായറാഴ്ച. അത് ഞങ്ങളുടെ അഭിമാനത്തിന്റെ ദിവസം.

എന്നെ സംബന്ധിച്ചിടത്തോളം മഹാഭാരതയുദ്ധം കഴിഞ്ഞ് വിജയിച്ച് വരുന്ന  യുദ്ധിഷ്ഠിരനേപ്പോലെ,
പ്രണയിച്ച പെൺകുട്ടിയെത്തന്നെ വിവാഹം കഴിക്കാൻ കഴിഞ്ഞ യുവാവിനെപ്പോലെ,
സ്വപ്ന സങ്കൽപ്പങ്ങളിലുള്ള യുവാവിനെ വരിക്കാൻ കഴിഞ്ഞ തരുണീമണിയേ പോലെ,
നീണ്ട കാത്തിരിപ്പിനുശേഷം പ്രസവിക്കാൻ തയ്യാറെടുക്കുന്ന വധുവിനെ പോലെ…….,
വേണ്ട, ഉപമകൾ നിറുത്താം.

പിറ്റേ ദിവസം  തിങ്കളാഴ്ച. രാവിലെ തന്നെ പ്രസ്സിലേക്ക് ചെന്നു.

ഇന്ന് പ്രൂഫ് നോക്കാം, നാളെ തെറ്റ് തിരുത്തി കോപ്പി അച്ചടിക്കാം, മറ്റന്നാൾ ബ്ലാക്ക് ആൻഡ് വൈറ്റ് കളറാക്കാം, പിറ്റേന്ന് കോപ്പികൾ കൊണ്ട് പോയി പരസ്യക്കാർക്ക് കൊടുത്ത് പണം വാങ്ങി പ്രസ്സിൽ കൊടുക്കാം, അടുത്ത ദിവസം മുതൽ പ്രിന്റിങ് തുടങ്ങി മുവായിരം കോപ്പികൾ ശനിയാഴ്ച പള്ളിയിലെത്തിക്കും. അടുത്ത  ഞായറാഴ്ച സ്മരണിക വീടുകളിലെത്തും….

എന്റെ മനക്കോട്ട ആകാശം മുട്ടെ ഉയർന്നു.

“….മോളേ പ്രൂഫ് തരൂ..ഞാൻ തെറ്റ് തിരുത്തട്ടെ……”.

“…..ചേട്ടാ… ഇപ്പോ ശരിയാക്കിത്തരാം. കുറച്ചുകൂടെ DTP എടുക്കാനുണ്ട്. അത് കഴിഞ്ഞ് പുസ്തകരൂപത്തിലാക്കി തരാം….”.

എനിക്ക് ദ്വേഷ്യവും സങ്കടവും ഒപ്പം വന്നു. ഇനി എന്തു ചെയ്യും ദൈവമേ!. ഇവളാര് ‘വെള്ളാനകളുടെ നാട്ടിലെ കുതിരവട്ടം പപ്പുവോ, ഇപ്പോ ശരിയാക്കിതരാമെന്ന് പറയാൻ?. ഞാൻ പിറുപിറുത്തു എങ്കിലും പറഞ്ഞില്ല.
സമയം പോയിക്കൊണ്ടിരുന്നു. ഉച്ചക്ക് അടുത്ത കടയിൽ ഊണ് കഴിക്കാൻ പോയി. നാലുമണിക്ക് ചായ കുടിക്കാൻ പോയി.

“….എന്തായി മോളേ. കഴിഞ്ഞൊ?...”
മകന്റെ പ്രായമേയുള്ളൂ ആ കുട്ടിക്ക്. കടുപ്പിച്ചൊന്നും പറയാൻ മനസ്സനുവദിക്കുന്നില്ല.

“…ചേട്ടാ എന്തായാലും ഇന്ന് കഴിയില്ല. ചേട്ടൻ നാളെ പതിനൊന്ന് മണിക്ക് വരൂ.  പ്രൂഫ് മാനേജരുടെ മേശപ്പുറത്തുണ്ടാകും….”.

വിശ്വാസം അതാണല്ലോ എല്ലാം. സ്വർണ്ണക്കടക്കാരന്റെ പരസ്യത്തിൽ പറഞ്ഞപോലെ വിശ്വസിച്ച് കൊണ്ട് ഞാൻ വീട്ടിൽ പോയി.

ചൊവ്വാഴ്ച പതിനൊന്നുമണിക്ക് തന്നെ പ്രസ്സിലെത്തി. DTP തീരുന്നേയുള്ളൂ. പുസ്തകരൂപത്തിലാക്കാൻ നോക്കുന്നുണ്ട്. പേജ് ക്രമീകരിക്കണമല്ലോ. എന്തൊക്കെയോ ഫയലാക്കാൻ ശ്രമിക്കുന്നുണ്ട്. PDF, PSD, JPEG എന്നൊക്കെ സഹപ്രവർത്തകരോട് പറയുന്നുണ്ട്. എനിക്കൊന്നും മനസ്സിലാകുന്നില്ല.
ഭാര്യയെ ലേബർ റൂമിൽ കയറ്റിയിട്ട് വിവരമറിയാൻ നിൽക്കുന്ന ഭർത്താവിന്റെ അവസ്ഥയിലാണ് ഞാൻ.

“…മോളേ എന്തായി…?..”.

എന്റെ ഹൃദയത്തെ തകർക്കുന്ന രീതിയിൽ നിസ്സംഗയായി, നിർവ്വികാരയായി  അവൾ പറഞ്ഞു.

“……അയ്യോ ചേട്ടാ…  “ ണ്ട ” വരുന്നില്ല….”.

ഞാൻ ഒറ്റയിരുപ്പിരുന്നുപോയി. DTP എടുത്ത് ഫയലാക്കി മാറ്റുമ്പോൾ ‘ണ്ട’ എന്ന അക്ഷരം വരാത്തത് എന്റെ കുറ്റം കൊണ്ടാണോ?.

എന്തു ചെയ്യും ദൈവമേ?. കുറച്ച് പരിഹാസത്തോടേയും അതിലേറെ ദ്വേഷ്യത്തോടേയും ഞാൻ പറഞ്ഞു.

“…മോളേ ചേട്ടന് ‘ണ്ട’ വരുത്താൻ അറിയില്ലല്ലോ…”.

“…..അല്ല ചേട്ടാ… ‘ ന്റെ ‘ വരുന്നുണ്ട്, ‘ പ്പ ‘ വരുന്നുണ്ട്, ‘ മ്മ ‘ വരുന്നുണ്ട്,  ‘ ക്ഷ ‘ വരുന്നുണ്ട് പക്ഷേ “ ണ്ട് ” മാത്രം  വരുന്നില്ല….”.

“…..മോളേ ഒന്നുകൂടി ശ്രമിച്ച് നോക്ക്. ‘ണ്ട’ വരും,വരാതിരിക്കില്ല….”.

കലാഭവൻ മണി നാടൻ പാട്ടിൽ പറയുന്ന പോലെ “വരാന്ന് പറഞ്ഞിട്ട് ചേട്ടൻ വരാതിരുന്നാലോ, വരാതിരുന്നാല് എന്റെ പരാതി തീരൂലാ”.

എന്റെ ഒരു യോഗം!.
എന്റെ ധർമ്മസങ്കടം കണ്ടിട്ട് പ്രസ്സ് മുതലാളി ‘ബ്രദർ’ പറഞ്ഞു.

“….ചേട്ടാ ഇവിടത്തെ കമ്പ്യൂട്ടറിൽ മൈക്രോസോഫ്ടിന്റെ പുതിയ വേർഷൻ സോഫ്ട്വേർ ഇൻസ്റ്റാൾ ചെയ്തപ്പോൾ സംഭവിച്ചതാണത്. ഞാൻ റിപ്പയർ ചെയ്യുന്ന ആളെ വിളിച്ചുകൊണ്ടിരിക്ക്യയാണ്…”.

എനിക്ക് മനസ്സിലാവാത്ത വാക്കുകൾ പറഞ്ഞതിനുശേഷം അദ്ദേഹം പറഞ്ഞു.
“…ഇപ്പോ ശരിയാക്കി തരാം…”.

ദൈവമേ ചൊവ്വാഴ്ചകഴിയുകയാണ്. അഞ്ച് മണിയായപ്പോൾ ഞാൻ ചോദിച്ചു.

“….ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്?...”. “….ഇപ്പോ ശരിയാക്കിത്തരാം ഇപ്പോ ശരിയാക്കിത്തരാം എന്ന് പറഞ്ഞിട്ട് ശരിയാവുന്നില്ലല്ലോ. ഞാൻ പോവുകയാണ്. ഇനി എപ്പോ ശരിയാവുമെന്ന് വിളിച്ച് പറഞ്ഞാൽ മതി….”.

വീട്ടിലേക്ക് വരുന്ന വഴി അസാധ്യകാര്യങ്ങളുടെ മധ്യസ്ഥരായ സകല വിശുദ്ധരേയും വിളിച്ച് പ്രാർത്ഥിച്ചു.
ബുധൻ, വ്യാഴം, വെള്ളി, ശനി. നാലുദിവസങ്ങൾ മാത്രം.
അത്ഭുതം സംഭവിക്കണം.

സംഭവിച്ചു. അതുതന്നെ സംഭവിച്ചു.

ബുധനാഴ്ച രാവിലെ ഏഴുമണിക്ക് ബ്രദർ വിളിച്ചു.

“…ഉടൻ വരിക. പ്രൂഫ് ശരിയായിട്ടുണ്ട്….”. പിന്നീട് സംഭവിച്ചതെല്ലാം പെട്ടെന്നായിരുന്നു.

ബുധനാഴ്ച:-
പ്രസ്സിൽ പോയി, പ്രൂഫ് നോക്കി, ‘ ണ്ട ‘ വന്നിരിക്കുന്നു. “ണ്ടേ” നിനക്ക് സ്തുതി. തെറ്റ് തിരുത്തി കളർ കോപ്പികളെടുത്തു.

വ്യാഴാച:-
പരസ്യകാർക്ക് കൊടുത്തു, പണം വാങ്ങി പ്രസ്സിൽ കൊടുത്തു.

വെള്ളിയാഴ്ച:-
കോപ്പികൾ പ്രിന്റ് ചെയ്തു. കവർ ലാമിനേറ്റ്  ചെയ്ത് കിട്ടി.

ശനിയാഴ്ച:-
ബൈൻഡ് ചെയ്തു. രാത്രി ഒൻപത് മണിയോടെ കോപ്പികൾ പള്ളിയിലെത്തി.

ഇന്ന് ഞായറാഴ്ച.
കുർബ്ബാനക്കുശേഷം വികാരിയച്ചൻ സ്മരണിക പ്രകാശനം ചെയ്തു. ഞങ്ങൾ കോപ്പികൾ വീടുകളിലെത്തിച്ചു.
സ്മരണിക പുരാണത്തിന് തിരശ്ശീല വീണു.

                         എല്ലാം ശുഭം.

‘ണ്ട’ യുടെ ഒരു വികൃതി!.
ഒരു പ്രസാധകന്റെ വേദന ആരറിയാൻ!. പ്രസ്സിലേക്ക് വിളിച്ച് ചോദിച്ചു.

“….മോളേ ഇപ്പോഴും ‘ണ്ട’ വരുന്നുണ്ടോ?..”.
ഫോണിൽ നിന്ന് മറുപടി

“ ഈ ചേട്ടന്റെ ഒരു തമാശ”

                                                                             Devis Vallooran
                     
.......................................................................................................................................................
                
                    
                     

2 അഭിപ്രായങ്ങൾ:

  1. നല്ല അവതരണവും, നർമ്മവും, കാര്യങ്ങൾ ലളിതമായി അവതരിപ്പിക്കാനുള്ള കഴിവും
    അഭിനന്ദനങ്ങൾ

    മറുപടിഇല്ലാതാക്കൂ