സകല വിശുദ്ധരേയും ഓര്‍ത്ത് അവരുടെ മദ്ധ്യസ്ഥം യാചിച്ച് പ്രാര്‍ത്ഥിക്കുവാന്‍ പ്രത്യേകമായി നീക്കിവച്ചിരിക്കുന്ന ദിവസമാണ് നവംബര്‍ 1. അന്ന് പള്ളികളില്‍ വിശുദ്ധ കുര്‍ബ്ബാനക്കു പുറമെ, പ്രത്യേക കര്‍മ്മങ്ങള്‍ ഉണ്ടായിരിക്കും. കൃസ്തുവിനു ശേഷം നൂറാം ആണ്ടോടു കൂടി (ഒന്നാം നൂറ്റാണ്ടോടു കൂടി ), വിശ്വാസത്തിനു വേണ്ടി ധീര രക്തസാക്ഷികളായവരെ ഓര്‍ക്കുകയും അവരുടെ മദ്ധ്യസ്ഥം യാചിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന പതിവ് നിലവില്‍ വന്നു. ഈ ലോകത്തില്‍ കൃസ്തുവിന് സാക്ഷ്യം വഹിച്ചവരെല്ലാം മരണശേഷം സ്വര്‍ഗ്ഗത്തില്‍ എത്തിചേരുന്നു എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ ഉണ്ടായത് . സുകൃത സമ്പന്നമായി ജീവിതം നയിച്ച് കടന്ന് പോയവരെല്ലാം ദൈവ സന്നിധിയില്‍ നമുക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്, ആ സത്യം ഓര്‍മ്മിപ്പിക്കലാണ് ഈ ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്. അതോടൊപ്പം , നമ്മുടെ ജീവിതത്തെ ആ വിശുദ്ധരുടെ ജീവിതം പോലെ ക്രമീകരിച്ച് ജീവിക്കാന്‍ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു .
2016, ഒക്‌ടോബർ 31, തിങ്കളാഴ്‌ച
നവംബര്‍ 1. സകല വിശുദ്ധരുടേയും ദിവസം [ All Saints' Day ]
2016, ഒക്‌ടോബർ 30, ഞായറാഴ്‌ച
ഒക്ടോബര്‍ 31. മുന്‍ പ്രധാന മന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിയുടെ ചരമ ദിനം
ഇന്ത്യയുടെ പ്രധാന മന്ത്രിയായി നാല് പ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ട , മുന്‍ പ്രധാന മന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി പ്രധാന മന്ത്രിയായിരിക്കുമ്പോള്‍ , 1984 ഒക്ടോബര്‍ 31ന് അംഗരക്ഷകരുടെ വെടിയേറ്റ് മരിച്ചു. ശ്രീമതി ഇന്ദിരാഗാന്ധിയുടെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .
2016, ഒക്‌ടോബർ 29, ശനിയാഴ്‌ച
ഒക്ടോബര്‍ 30. ഹോമി ജഹാംഗിര്‍ ബാബയുടെ ജന്മദിനം
` ഇന്ത്യന്‍ അണുശക്തി പരിപാടികളുടെ പിതാവ് ' [Father of indian Nuclear Power Programme ] എന്നറിയപ്പെടുന്ന ഹോമി ജഹാംഗിര്‍ ബാബ പ്രശസ്തമായ ഒരു പാഴ്സി കുടുംബത്തില്‍1909 ഒക്ടോബര്‍ 30 ന് ജനിച്ചു . നിയമജ്ഞനായ ജഹാംഗിര്‍ ഹൊര്‍മൂസ്ജി ബാബയുടേയും കലാകാരിയായ മെഹറിന്റേയും മകനായിട്ടാണ് ജനനം . ജനിച്ചതും വളര്‍ന്നതും മുംബെയിലായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ഉപരിപഠനത്തിനായി 1927ല്‍ ബ്രിട്ടണില്‍ പോയി . കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് പാസ്സായതിനുശേഷം 1935ല്‍ ഫിസിക്സില്‍ പി. എച്ച്. ഡി. എടുത്തു. ഇന്ത്യയിലെ പ്രമുഖ വ്യവസായി ആയിരുന്ന D. J. Tatta യുടെ സഹായത്തോടെ 1945ല്‍ ബോംബെയില്‍ ` ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് ' സ്ഥാപിക്കുകയും ഹോമി ജഹാംഗിര്‍ ബാബ അതിന്റെ സ്ഥാപക ഡയറക്ടര്‍ ആവുകയും ചെയ്തു . ഇന്ത്യന്‍ സ്വാതന്ത്രൃത്തിനു ശേഷം, ഇന്ത്യന്‍ പ്രധാന മന്ത്രിയായിരുന്ന ശ്രീ ജവഹര്‍ലാല്‍ നെഹ്റുവുവുമായുള്ള സൗഹൃദം കൊണ്ട് ഇന്ത്യയുടെ ആണവ പോളിസിയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു . അങ്ങനെ, നെഹ്റു ആണവോര്‍ജ്ജ നിയമം കൊണ്ടുവരുകയും 1954ല്‍ ആണവോര്‍ജ്ജ ഡിപ്പാര്‍ട്ട്മെന്റ് നിലവില്‍ വരുകയും ചെയ്തു . ഹോമി ജഹാംഗിര്‍ ബാബ ആയിരുന്നു ആണവോര്‍ജ്ജ ഡിപ്പാര്‍ട്ടമെന്റിന്റെ പ്രഥമ സെക്രട്ടറി. ശ്രീ രാജ രാമണ്ണ തുടങ്ങിയ നിരവധി ശാസ്ത്രജ്ഞരെ അദ്ദേഹം കൊണ്ടുവരുകയും ആണവോര്‍ജ്ജ പരിപാടികളില്‍ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യുകയും ചെയ്തു . 1974ല്‍ ഇന്ത്യയില്‍ ആദ്യത്തെ ആണവ പരീക്ഷണം നടത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ച ആളായിരുന്നു ശ്രീ രാജ രാമണ്ണ.
1954ല്‍ പത്മഭൂഷണ്‍ അവാര്‍ഡ് നല്‍കി രാഷ്ട്രം ശ്രീ ഹോമി ജഹാംഗിര്‍ ബാബയെ ആദരിച്ചിട്ടുണ്ട് .1942ല്‍ Adams Prize അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് . നല്ലൊരു കലാകാരനും സംഗീതജ്ഞനുമായിരുന്നു അദ്ദേഹം . 1966 ജനുവരി 24ന് ഒരു വിമാന അപകടത്തില്‍ ശ്രീ ഹോമി ജഹാംഗിര്‍ ബാബ അന്തരിച്ചു. രാഷ്‌ട്രം കണ്ട മഹാന്മാരായ ശാസ്ത്രജ്ഞരില്‍ ഒരാളായ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .
2016, ഒക്‌ടോബർ 28, വെള്ളിയാഴ്‌ച
ഒക്ടോബര്‍ 29. ശ്രീ കെ.പി. ഉമ്മര്‍ - ചരമ ദിനം
കോഴിക്കോട് ജില്ലയില്‍ തെക്കെപുറം എന്ന സ്ഥലത്താണ് പ്രശസ്ത സിനിമ നടനായിരുന്ന, കച്ചിനാംതൊടുകപുരയില്‍ ഉമ്മര്‍ എന്ന ശ്രീ കെ. പി. ഉമ്മര്‍ ജനിച്ചത് . 1930ഒക്ടോബര്‍ 11ന് ആയിരുന്നു ജനനം . ടി. മുഹമ്മദ്കോയയും ബീവിയുമായിരുന്നു മാതാപിതാക്കള്‍ . പിതാവ് നേരത്തെ മരിച്ചതുകൊണ്ട് അമ്മാവന്റെ സംരക്ഷണത്തിലായിരുന്നു ബാല്യകാലം. നാടകത്തിലൂടെയാണ് അഭിനയ രംഗത്ത് എത്തുന്നത്. ശ്രീ കെ. ടി. മുഹമ്മദിന്റെ നാടകങ്ങളിലൂടെ നാടക രംഗത്ത് നിലയുറപ്പിച്ച അദ്ദേഹം പിന്നീട് കെ. പി. എ. സി.യിലെത്തി. `പുതിയ ആകാശം പുതിയ ഭൂമി ', `ശരശയ്യ ', `അശ്വമേധം ' തുടങ്ങിയ നിരവധി നാടകങ്ങളില്‍ അഭിനയിച്ചു. 1956ല്‍ `രാരിച്ചന്‍ എന്ന പൗരന്‍ ' എന്ന സിനിമയിലൂടെ സിനിമാ രംഗത്ത് എത്തി. 1965ല്‍ ശ്രീ എം. ടി. വാസുദേവന്‍ നായരുടെ ` മുറപ്പെണ്ണ് ' എന്ന സിനിമയിലൂടെ ശ്രദ്ധേയനായി. സിനിമകളില്‍ വില്ലന്‍ കഥാപാത്രങ്ങളായാണ് കുടുതല്‍ അഭിനയിച്ചിട്ടുള്ളത്. ശ്രീ സത്യന്‍, പ്രേംനസീര്‍ തുടങ്ങിയവരുടെ കൂടെ പ്രതിനായകനായും വില്ലനായും രംഗത്ത് വന്നിട്ടുണ്ട്. ` ഡിക്ടറ്റീവ് 909 കേരളത്തില്‍ ' എന്ന ഒരു സിനിമയില്‍ നായകയായി അഭിനയിച്ചുവെങ്കിലും ആ സിനിമ വിജയിച്ചില്ല. വീണ്ടും വില്ലന്‍ വേഷങ്ങളും സഹനടന്‍ വേഷങ്ങളുമാണ് അഭിനയിച്ചത്. 50 വര്‍ഷത്തോളം നാടകത്തിലും സിനിമയിലുമായി നിറഞ്ഞു നിന്നു. 1998ല്‍ ഇറങ്ങിയ ` ഹരീകൃഷ്ണന്‍സ് ' ആയിരുന്നു അവസാനത്തെ സിനിമ .
മലയാള സിനിമ രംഗത്തെ മികച്ച നടന്മാരില്‍ ഒരാളായിരുന്നു ശ്രീ കെ. പി. ഉമ്മര്‍ . വിവാഹിതനായിരുന്നു . മൂന്നു മക്കള്‍ . നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. `മുറപ്പെണ്ണ് ' എന്ന സിനിമയില്‍ കെ. പി. ഉമ്മറിന്റെ കഥാപാത്രം ശാരദയോട് പറയുന്ന ` ശാരദേ ഞാന്‍ ഒരു വികാര ജീവിയാണ് ' എന്നു പറയുന്ന ഡയലോഗ് ഇപ്പോഴും മിമിക്രി കലാകരന്മാര്‍ അനുകരിക്കാറുണ്ട് . കേരള സര്‍ക്കാരിന്റെ സഹ നടനുള്ള അവാര്‍ഡ് , സംഗീത നാടക അവാര്‍ഡ് ,തിക്കൊടിയന്‍ അവാര്‍ഡ് തുടങ്ങിയ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട് . 2001 ഒക്ടോബര്‍ 29ന് ശ്രീ കെ. പി. ഉമ്മര്‍ ഈ ലോകത്തോട് വിടപറഞ്ഞു. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരാഞ്ജലികൾ അര്‍പ്പിക്കുന്നു .
2016, ഒക്‌ടോബർ 27, വ്യാഴാഴ്‌ച
ഒക്ടോബര്‍ 28. വി. യൂദായുടെ ഓര്‍മ്മതിരുനാള്‍ [ Feast of St. Jude ]
അസാധ്യ കാരൃങ്ങളുടെ മദ്ധ്യസ്ഥന്‍, നഷ്ടപ്പെട്ടവ തിരിച്ച് ലഭിക്കുന്നതിന്റെ മദ്ധ്യസ്ഥന്‍ തുടങ്ങിയ നിലകളില്‍ ലോകം മുഴുവന്‍ അറിയപ്പെടുന്ന വിശുദ്ധ യൂദ കൃസ്തുവിന്റെ പന്ത്രണ്ടു ശിഷ്യരില്‍ ഒരാളായിരുന്നു . ബൈബിള്‍ ഗവേഷകരുടെ പഠനമനുസരിച്ച്, വി. യൂദ ക്ളോപ്പസ് - മേരി ദമ്പതികളുടെ മകനായിരുന്നു. അമ്മയായ മേരി, യേശുകൃസ്തുവിന്റെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്റെ കസിനായിരുന്നു (Cousin ). ബൈബിളില്‍, സുവിശേഷത്തില്‍ വി. യൂദായെക്കുറിച്ച് രണ്ടു സ്ഥലത്ത് പരാമര്‍ശമുണ്ട്. വി. ലൂക്ക അദ്ധ്യായം 6- വാക്യം 16 , അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ അദ്ധ്യായം 1- വാക്യം 13. വി. യൂദ തദേവൂസ് എന്നും വിശുദ്ധന്‍ അറിയപ്പെടുന്നുണ്ട്. യൂദയാ, സമരിയ, സിറിയ, മെസൊപ്പൊട്ടാമിയ, ലിബിയ തുടങ്ങിയ സ്ഥലങ്ങളില്‍ പോയി വിശുദ്ധന്‍ യേശു കൃസ്തുവിന്റെ സുവിശേഷം പ്രസംഗിച്ചിരുന്നു. വിശുദ്ധ യൂദായുടെ ഒരു ലേഖനം സുവിശേഷത്തില്‍ ഉണ്ട് . ഏത് പ്രതിബന്ധങ്ങളും പ്രയാസങ്ങളും ഉള്ള സാഹചരൃമുണ്ടായാലും വിശ്വാസത്തില്‍ അധിഷ്ഠിതമായി ജീവിക്കുവാന്‍ വിശുദ്ധന്‍ ലേഖനത്തില്‍ ആഹ്വാനം ചെയ്യുന്നു .വി.യൂദ രക്തസാക്ഷി ആയതായിട്ടാണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
ലോകത്തിന്റെ നാനാ ഭാഗത്തും നിരവധി തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ വി. യൂദായുടെ പേരിലുണ്ട്. കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ വി.യൂദയുടെ നാമധേയത്തിലുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ഉണ്ട് . കോട്ടയം ജില്ലയില്‍ കോട്ടയ്ക്കുപുറം എന്ന സ്ഥലത്താണ് ആദ്യമായി കേരളത്തില്‍ വി. യൂദയുടെ നാമധേയത്തിലുള്ള തീര്‍ത്ഥാടന കേന്ദ്രം ഉണ്ടാകുന്നത്. ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലുള്ള അതിരമ്പുഴ ഫൊറോനയില്‍ പെട്ട സെന്റ് മാത്യൂസ് ദേവാലയത്തിന്റെ കീഴിലാണ് കോട്ടയ്ക്കുപുറം സെന്റ് ജൂഡ് തീര്‍ത്ഥാടന കേന്ദ്രം . പത്തനംതിട്ട ജില്ലയില്‍ മരുതിമൂട്, എറണാകുളം ജില്ലയില്‍ യൂദാപുരം ,അങ്കമാലി, തൃശൂര്‍ ജില്ലയില്‍ കാഞ്ഞിരപ്പള്ളി തുടങ്ങി വളരെയധികം സ്ഥലങ്ങളില്‍ വി. യൂദയുടെ നാമധേയത്തിലുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ഉണ്ട് . പതിനായിരക്കണക്കിന് ഭക്ത ജനങ്ങള്‍ വിശുദ്ധ യൂദയുടെ മദ്ധ്യസ്ഥത യാചിച്ച് പ്രാര്‍ത്ഥിക്കുകയും അനുഗ്രഹങ്ങള്‍ പ്രാപിക്കുകയും ചെയ്യുന്നതായി അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു . ഒക്ടോബര്‍ 28ന് ആണ് വിശുദ്ധ യൂദയുടെ ഒാര്‍മ്മ തിരുനാള്‍ .
ഒക്ടോബര്‍ 28. ചെറുകാടിന്റെ ചരമ ദിനം
`` സമൂഹത്തിന്റെ പുരോഗതിയെ ത്വരിതപ്പെടുത്തുന്നതായിരിക്കണം സാഹിത്യ രചന '' എന്ന ചെറുകാടിന്റെ വിശ്വാസത്തിന്റെ ഉത്തമ ദൃഷ്ടാന്തങ്ങളാണ് അദ്ദേഹത്തിന്റെ രചനകള്‍ . മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണയിലെ ചെമ്മലശ്ശേരി എന്ന സ്ഥലത്ത് ചെറുകാട് എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന ഗോവിന്ദ പിഷാരടി 1914 ഓഗസ്റ്റ് 26ന് ജനിച്ചു . അച്ഛന്‍ കീഴീട്ടില്‍ പിഷാരത്ത് കരുണാകര പിഷാരടി. അമ്മ ചെറുകാട് പിഷാരത്ത് നാരായണി പിഷാരസ്യാര്‍. കുടിപ്പള്ളിക്കൂടത്തില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ ചെറുകാട് മലപ്പുറം, ചെറുകര, പെരിന്തല്‍മണ്ണ , കരിങ്ങാട് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മലയാളം വിദ്വാന്‍ പരീക്ഷ പാസായിട്ടുണ്ട്. ചെറുകര, ചെമ്മലശ്ശേരി സ്കൂളുകളില്‍ അദ്ധ്യാപകനായിരുന്നു. പാവറട്ടി സംസ്കൃത കോളേജ് , പട്ടാമ്പി ശ്രീനീലകണ്ഠ സംസ്കൃത കോളേജ് എന്നിവിടങ്ങളിലും പഠിപ്പിച്ചിട്ടുണ്ട്. യു. ജി. സി. പ്രൊഫസര്‍ ആയി സേവനം അനുഷ്ഠിച്ചിരുന്നു. ഭാരൃ ലക്ഷ്മിപിഷാരസ്യാര്‍. പ്രശസ്ത സാഹിത്യകാരന്‍ കെ. പി. മോഹനന്‍ ഉള്‍പ്പെടെ ആറ് മക്കളാണ് ചെറുകാടിന്.
കമ്യൂണിസ്റ്റ് സഹ യാത്രികനും പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന ചെറുകാട് നോവല്‍, നാടകം , യാത്രാവിവരണം, കവിത , ചെറുകഥ, ആത്മകഥ തുടങ്ങി സാഹിത്യത്തിന്റെ വിവിധ മേഖലകളില്‍ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള ആളാണ് . നിരവധി കൃതികള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. ആത്മകഥ ` ജീവിതപ്പാത' ക്ക് 1975ല്‍ കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് , 1976ല്‍ കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട് . ` ദേവലോകം,' `മണ്ണിന്റെ മാറില്‍ ', `മുത്തശ്ശി', `ശനിദശ', തുടങ്ങിയവയാണ് നോവലുകള്‍. 1976 ഒക്ടോബര്‍ 28ന് അദ്ദേഹം അന്തരിച്ചു . അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .
2016, ഒക്‌ടോബർ 26, ബുധനാഴ്‌ച
ഒക്ടോബര്‍ 27. പ്രശസ്ത കവി ശ്രീ വയലാര്‍ രാമവര്‍മ്മയുടെ ചരമ ദിനം
നിശബ്ദത പോലും അന്ന് നിശബ്ദമായ്
വന്നവര്‍ വന്നവര്‍ നാലുകെട്ടില്‍ തങ്ങി
നിന്നുപോയ് ഞാന്ന നിഴലുകള്‍ മാതിരി
ഇത്തിരി ചാണകം തേച്ച വെറും
നിലത്തച്ഛനുറങ്ങാന്‍ കിടന്നതെന്തിങ്ങനെ ''
ഇന്ദ്ര ധനുസ്സിന്‍ തൂവല്‍ കൊഴിയും തീരം
ഈ മനോഹര തീരത്തു തരുമോ
ഇനിയൊരു ജന്മം കൂടി
എനിക്കിനിയൊരു ജന്മം കൂടി (ചന്ദ്ര കളഭം......)
ഈ നിത്യ ഹരിതയാം ഭൂമിയിലല്ലാത
മാനസ സരസ്സുകളുണ്ടോ (2)
സ്വപ്നങ്ങളുണ്ടോ പുഷ്പങ്ങളുണ്ടോ
സ്വര്‍ണ്ണ മരാളങ്ങളുണ്ടോ
വസുന്ധരേ വസുന്ധരേ
മതിയാകും വരെ ഇവിടെ ജീവിച്ച് മരിച്ചവരുണ്ടോ (ചന്ദ്ര....)
ഇവിടെയെല്ലാം പൊയ്മുഖം
മനുഷ്യന്‍ മനുഷ്യനെ സ്നേഹിക്കുമ്പോള്‍
മനസ്സില്‍ ദൈവം ജനിക്കുന്നു
മനുഷ്യന്‍ മനുഷ്യനെ വെറുക്കാന്‍ തുടങ്ങുമ്പോള്‍
മനസ്സില്‍ ദൈവം മരിക്കുന്നു - ദൈവം മരിക്കുന്നു.
ഈശ്വരന്‍ ജനിക്കും മുന്‍പേ
പ്രകൃതിയും കാലവും ഒരുമിച്ച് പാടീ
പ്രേമം ദിവ്യമാമൊരനുഭൂതി (ഇതിഹാസങ്ങള്‍ )
പ്രേമം........പ്രേമം........പ്രേമം.......
1961ല്‍ ശ്രീ വയലാര്‍ രാമവര്‍മ്മക്ക് കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് ലഭിച്ചു . 1969ല്‍ ` കടല്‍പ്പാലം ', നദി എന്നീ സിനിമകളിലെ ഗാനങ്ങള്‍ക്കും, 1972ല്‍ `ചെമ്പരത്തി ' യിലെ ഗാനത്തിനും, 1974ല്‍ ` സീമന്തിനി ' ,` നെല്ല് ' എന്നീ സിനിമകളിലെ ഗാനങ്ങള്‍ക്കും കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചു . 1972ലും, 1975ലും ദേശീയ അവാര്‍ഡുകള്‍ ലഭിക്കുകയുണ്ടായി. 1965ല്‍ `ചേട്ടത്തി ' എന്ന സിനിമയില്‍ പാടി അഭിനയിച്ചിട്ടുണ്ട്. ഭാര്യ- ചെങ്ങണ്ട പുത്തന്‍കോവിലകത്ത് ഭാരതി തമ്പുരാട്ടി. മക്കള്‍ - പ്രശസ്ത കവി ശരത്ചന്ദ്രന്‍, ഇന്ദുലേഖ, യമുന, സിന്ധു.
1975 ഒക്ടോബര്‍ 27ന് ശ്രീ വയലാര്‍ രാമവര്‍മ്മയെന്ന അനശ്വരനായ കവി കാല യവനികക്കുള്ളില്‍ മറഞ്ഞു. അദ്ദേഹത്തിന്റെ പേരിലുള്ള `വയലാര്‍ രാമവര്‍മ്മ സാഹിത്യ അവാര്‍ഡ് ' ,1977മുതല്‍ എല്ലാ വര്‍ഷവും കൊടുത്തു വരുന്നു . ആ മഹാ പ്രതിഭയുടെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .
2016, ഒക്‌ടോബർ 25, ചൊവ്വാഴ്ച
ഒക്ടോബര്‍ 26. റവ. ഫാ. ആബേല്‍ - ചരമ ദിനം .
`` പോകുന്നു ഞാന്‍ എന്‍ വത്സലരേ
അന്തിമ യാത്ര പറഞ്ഞിടുന്നു
കേഴേണ്ട കണ്ണീര്‍ ചൊരിഞ്ഞിടേണ്ട
സ്വര്‍ഗ്ഗം പൂകുവാന്‍ പോകുന്നു ഞാന്‍
ചെയ്യേണ്ട ജോലികള്‍ ചെയ്തു തീര്‍ന്നു
ഞാന്‍ എന്‍ പ്രയാണം പൂര്‍ത്തിയാക്കി
നിങ്ങളെന്‍ മാര്‍ഗ്ഗത്തില്‍ പിന്‍തുടര്‍ന്നാല്‍
സൗഭാഗ്യമെങ്ങും തെളിഞ്ഞു നില്‍ക്കും
കന്യാമറിയത്തിന്‍ നിര്‍മ്മലരാം
മക്കളായ് ഭൂമിയില്‍ ജീവിക്കുവിന്‍
ആപത്തില്‍ വീഴാതെ സര്‍വ്വേശ്വരന്‍
സന്തതം നിങ്ങളെ കാത്തുകൊള്ളും ''
` കര്‍മ്മയോഗി ' എന്ന സിനിമക്കു വേണ്ടി ഫാ. ആബേല്‍ രചിച്ച് കെ.കെ.ആന്റണി സംഗീത സംവിധാനം ചെയ്ത് ഗാനഗന്ധര്‍വ്വന്‍ കെ.ജെ.യേശുദാസ് പാടിയ ഈ ഗാനം ആര്‍ക്കാണ് മറക്കാന്‍ കഴിയുക? കലോപാസനക്കു വേണ്ടി ജീവിതം മാറ്റിവെച്ച ഫാ. ആബേല്‍ പരിയാപ്പുറം CMI എന്ന ആബേല്‍ അച്ചന്‍ മൂലക്കുളം ഗ്രാമത്തില്‍ ശ്രീ. മാത്തന്‍ വൈദ്യന്റേയും ശ്രീമതി ഏല്യാമ്മയുടേയും മകനായി 1920 ജനുവരി 19ന് ജനിച്ചു. മാത്യു എന്നായിരുന്നു വൈദികന്‍ ആകുന്നതിന് മുന്‍പ് ഉണ്ടായിരുന്ന പേര്. 1951ല്‍ വൈദികനായി. 1952ല്‍ `ദീപിക ' ദിനപത്രത്തില്‍ പത്രപ്രവര്‍ത്തകനായി. അടുത്ത വര്‍ഷം റോമില്‍ പോവുകയും ജേര്‍ണലിസത്തിലും പൊളിറ്റിക്കല്‍ സയന്‍സിലും ഡോക്ടറേറ്റ് എടുക്കുകയും ചെയ്തു . തിരിച്ചുവന്ന അദ്ദേഹം 1961വരെ `ദീപിക 'യില്‍ അസി. മാനേജിംഗ് ഡയറക്ടര്‍ ആയി ജോലി നോക്കി. ദേവഗിരി സെന്റ് ജോസഫ്സ് കോളേജില്‍ പ്രൊഫസര്‍ ആയിരുന്നിട്ടുണ്ട്.
1963ല്‍, യുവ കലാകാരന്മാരെ പരിശീലിപ്പിക്കുന്നതിനായി എറണാകുളം ആസ്ഥാനമായി ` കലാഭവന്‍ ' തുടങ്ങി. കൃസ്തീയ ഭക്തി ഗാന ശാഖക്ക് നിസ്തുലമായ സംഭാവനകള്‍ നല്‍കിയ ആളാണ് അദ്ദേഹം . നിരവധി ഗാനങ്ങളുടെ രചയിതാവായിരുന്നു . ശബ്ദാനുകരണ കലയെ `മിമിക്സ് പരേഡ് ' എന്ന തലത്തിലേക്ക് ഉയര്‍ത്തിയ ആളായിരുന്നു അദ്ദേഹം . പ്രശസ്തരായ സിനിമാ നടന്മാരായ ജയറാം, സിദ്ദിഖ്, അന്തരിച്ച എന്‍.എഫ്. വര്‍ഗ്ഗീസ്, കലാഭവന്‍ മണി തുടങ്ങി നൂറുകണക്കിന് പ്രതിഭകള്‍ `കലാഭവന്‍ ' എന്ന പരിശീലന കളരിയിലൂടെ പഠിച്ചിറങ്ങിയവരാണ്. തിരുമുടിക്കുന്നുകാരനായ, `അങ്കമാലി നാടകനിലയ'ത്തിന്റെ മുഖ്യ സംഘാടകനും നാടക നടനുമായിരുന്ന അന്തരിച്ച ഒൗസേപ്പച്ചന്‍ [ ഔസേപ്പച്ചന്‍ കണ്ടംകുളത്തി ] കലാഭവനില്‍ പഠിച്ചിട്ടുണ്ട്.
2001 ഒക്ടോബര്‍ 26 ന് ഫാ. ആബേല്‍ [ആബേലച്ചല്‍ ]എന്ന കലോപാസകന്‍ ഓര്‍മ്മയായി . ഈശ്വരപൂജയും മാനവസേവയും കലോപാസനയിലൂടെ നിര്‍വ്വഹിക്കാമെന്ന് ലോകത്തെ കാട്ടികൊട്ടുത്ത ആ മഹാ പ്രതിഭയുടെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .
Silver Jubilee of Divine Retreat Centre, Muringoor - 25th to 27th, November, 2016
ഒക്ടോബര്‍ 26. ശ്രീ. പവനന്റെ ജന്മദിനം
2016, ഒക്‌ടോബർ 24, തിങ്കളാഴ്‌ച
ഒക്ടോബര്‍ 25. പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ ചരമ ദിനം
`` സ്വാഭിപ്രായത്തെ പൂഴ്ത്തിവച്ച് മറ്റാരുമായിട്ടും സൗഹാര്‍ദം അഭിനയിക്കാന്‍ എന്നെക്കൊണ്ടാവില്ല ''. തന്റെ `കൊഴിഞ്ഞ ഇലകള്‍ ' എന്ന ആത്മകഥയില്‍ മുണ്ടശ്ശേരി മാസ്റ്റര്‍ എന്നറിയപ്പെടുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരി വ്യക്തമാക്കിയ ഈ നിലപാട് സത്യത്തിനും നീതിക്കും വേണ്ടിയുള്ള നിര്‍ഭയ ശബ്ദമായി നമുക്ക് കാണാന്‍ കഴിയും. പാവപ്പെട്ടവരുടെ കൂടെനില്‍ക്കാനുള്ള താല്പര്യം , സംഘടിത ശക്തികള്‍ക്കു മുന്‍പില്‍ അടിയറ വെക്കാന്‍ മനസ്സില്ല എന്ന ഉറച്ച തീരുമാനമെടുത്ത ആളാണ് അദ്ദേഹം .
മുണ്ടശ്ശേരി മാസ്റ്റര്‍ തൃശൂര്‍ ജില്ലയില്‍ കണ്ടശ്ശാംകടവില്‍ 1903 ജൂലൈ 17ന് ജനിച്ചു . മുണ്ടശ്ശേരി കുഞ്ഞുവറീതും ഭാരൃ ഇളച്ചിയുമായിരുന്നു മാതാപിതാക്കള്‍ . കണ്ടശ്ശാംകടവിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഊര്‍ജ്ജതന്ത്രത്തില്‍ ബിരുദവും സംസ്കൃതത്തിലും മലയാളത്തിലും ബിരുദാനന്തര ബിരുദവും എടുത്തു. തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ അദ്ധ്യാപകനായിരുന്ന കാലത്ത്, കേരളത്തിന്റെ മുഖ്യമന്ത്രിമാരായിരുന്ന ശ്രീ. ഇ.എം.എസ്. നമ്പൂതിരിപ്പാടും, ശ്രീ. അച്യുതമേനോനും അവിടെ വിദ്യാര്‍ത്ഥികളായിരുന്നു. ശിഷ്യനായിരുന്ന ശ്രീ. ഇ.എം.എസ്. മുഖ്യമന്ത്രിയായ മന്ത്രിസഭയില്‍ , ഗുരുവായ മുണ്ടശ്ശേരി മാസ്റ്റര്‍ വിദ്യാഭ്യാസ, സഹകരണ വകുപ്പ് മന്ത്രിയായിരുന്നു എന്നത് ചരിത്രത്തില്‍ അപൂര്‍വ്വ സംഭവം.
രാജ്യതന്ത്രജ്ഞന്‍, ഭരണകര്‍ത്താവ്, വാഗ്മി, പത്രാധിപര്‍, അദ്ധ്യാപകന്‍, സാഹിത്യകാരന്‍ തുടങ്ങിയ വിവിധ നിലകളില്‍ കേരളത്തിന്റെ സാമൂഹ്യ ,രാഷ്ട്രീയ രംഗങ്ങളില്‍ നിറഞ്ഞുനിന്ന ആളായിരുന്നു അദ്ദേഹം . ഒന്നാം കേരള നിമയസഭയിലെ വിദ്യാഭ്യാസ, സഹകരണ വകുപ്പ് മന്ത്രിയായിരുന്നു മുണ്ടശ്ശേരി മാസ്റ്റര്‍ . അധ്യാപകര്‍ക്ക് നിശ്ചിത സേവന കാലാവധി, മെച്ചമായ സേവന- വേതന വ്യവസ്ഥകള്‍ തുടങ്ങിയവ നേടി കൊടുത്ത വിദ്യാഭ്യാസ ബില്ലിന് രൂപം കൊടുത്തത് അദ്ദേഹമായിരുന്നു. ബില്‍ നിയമസഭയില്‍ പരാജയപ്പെട്ടെങ്കിലും , ബില്ലിലെ ആശയങ്ങള്‍ പിന്നീട് വന്ന സര്‍ക്കാരുകള്‍ ചെറിയ മാറ്റത്തോടെ നടപ്പിലാക്കി. തിരുവിതാംകൂര്‍ സര്‍വ്വകലാശാല, മദ്രാസ് സര്‍വ്വകലാശാല എന്നിവയില്‍ സെനറ്റംഗമായിരുന്നു. കൊച്ചി സാങ്കേതിക സര്‍വ്വകലാശാല സ്ഥാപിച്ചതും , തൃശൂര്‍ എഞ്ചിനിയറിംഗ് കോളേജ് , കൊല്ലത്തെ തങ്ങള്‍ കുഞ്ഞുമുസലിയാര്‍ [ T.K.M ] എഞ്ചിനിയറിംഗ് കോളേജ് എന്നിവ സ്ഥാപിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചതും പ്രധാന സംഭവങ്ങളാണ്. കൊച്ചി സര്‍വ്വകലാശാല വൈസ് ചര്‍സലര്‍ ആയിരുന്നു .തിരുവിതാംകൂര്‍ സര്‍വ്വകലാശാലയെ കേരള സര്‍വ്വകലാശാല എന്ന് പുനര്‍ നാമകരണം ചെയ്തത് അദ്ദേഹം ആയിരുന്നു .
പ്രജാമണ്ടലം വഴിയാണ് രാഷ്ട്രീയത്തില്‍ വന്നത്. 1948ല്‍ അര്‍ത്തൂക്കരയില്‍ നിന്ന് നിയമസഭാംഗമായി. പിന്നീട് 1954ല്‍ ചേര്‍പ്പില്‍ നിന്ന് തിരു - കൊച്ചി നിയമസഭാംഗമായി. കേരളപ്പിറവിക്കു ശേഷം 1957ല്‍ മണലൂരില്‍ നിന്ന് നിയമസഭാംഗമാവുകയും ഇ.എം.എസ്. മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയാവുകയും ചെയ്തു . 1970ല്‍ , തൃശൂര്‍ നിന്ന് വീണ്ടും നിയമസഭാംഗമായിട്ടുണ്ട്. രാഷ്ട്രീയം, വിദ്യാഭ്യാസം , സാഹിത്യം തുടങ്ങിയ മേഖലകളില്‍ തന്റെ കഴിവ് തെളിയിച്ച ആളാണ് അദ്ദേഹം . ` നവജീവന്‍ ' പത്രത്തിന്റെ പത്രാധിപര്‍ ആയിരുന്നു അദ്ദേഹം. 1957 മുതല്‍ 1965 വരെ കേരള സാഹിത്യ പരിഷത്തിന്റെ അദ്ധ്യക്ഷനായിരുന്നു.
ആഴമേറിയ ചിന്തയും ഉയര്‍ന്ന മൂല്യബോധവുമായിരുന്നു മുണ്ടശ്ശേരി മാസ്റ്ററുടെ മുഖമുദ്ര. നോവല്‍, ചെറുകഥ, യാത്രാവിവരണം, ആത്മകഥ, സാഹിത്യ നിരൂപണം തുടങ്ങി സാഹിത്യത്തിന്റെ വിവിധ രംഗങ്ങളില്‍ ശോഭിച്ചിരുന്ന ആളായിരുന്നു അദ്ദേഹം. എങ്കിലും സാഹിത്യ നിരൂപണം ആയിരുന്നു പ്രധാന മേഖല. രൂപഭദ്രതയെക്കുറിച്ച് സിദ്ധാന്തമവതരിപ്പിച്ചുകൊണ്ട് വ്യാഖ്യാന ശാസ്ത്രത്തില്‍ നൂതനമായ ഒരു ചരിത്രം സൃഷ്ടിച്ചു. സാഹിത്യം സാഹിത്യമാകണമെങ്കില്‍ അതിന് രൂപഭദ്രത വേണമെന്നാണ് അദ്ദേഹത്തിന്റെ വാദം. 1973ല്‍ കേരള സാഹിത്യ അക്കാഡമിയുടെ ഫെല്ലൊ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.1974ല്‍ സോവിയറ്റുലാന്റ് നെഹ്റു അവാര്‍ഡ് നേടി . `കൊഴിഞ്ഞ ഇലകള്‍ ' എന്നതാണ് അദ്ദേഹത്തിന്റെ ആത്മകഥ. നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട് .
വിവാഹിതനായിരുന്നു മുണ്ടശ്ശേരി മാസ്റ്റര്‍ . ഭാര്യ കുന്നത്തുവീട്ടില്‍ കത്രീന. ഏഴ് മക്കള്‍. മൂന്ന് ആണും നാല് പെണ്ണും. ബഹുമുഖ പ്രതിഭയായിരുന്ന മുണ്ടശ്ശേരി മാസ്റ്റര്‍ 1977 ഒക്ടോബര്‍ 25ന് അന്തരിച്ചു . മണ്‍മറഞ്ഞ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ശിരസ് നമിക്കുന്നു.
2016, ഒക്‌ടോബർ 23, ഞായറാഴ്‌ച
ഒക്ടോബര്‍ 24. ലോക എെക്യരാഷ്ട ദിനം, ലോക വികസന വിവര ദിനം
എെക്യരാഷ്ട സഭയുടെ ഉദ്ദേശങ്ങളേയും ,നേട്ടങ്ങളേയും കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനു വേണ്ടിയാണ് എെക്യരാഷ്ട ദിനം ആചരിക്കുന്നത് . 1948 മുതലാണ് ഈ ദിനാചരണം ആരംഭിച്ചത് . ലോക സമാധാനം നിലനിര്‍ത്തുവാന്‍ ഒരു സംഘടന വേണമെന്ന ലോക രാഷ്ട്രങ്ങളുടെ ആഗ്രഹമനുസരിച്ച് അവര്‍ ഒത്തുചേര്‍ന്ന് യു.എന്‍. ചാര്‍ട്ടര്‍ [എെക്യരാഷ്ട സഭയുടെ നിയമ പുസ്തകം ] എഴുതി ഉണ്ടാക്കി ചാര്‍ട്ടര്‍ നിലവില്‍ വന്ന ദിവസം ആണ് ഒക്ടോബര്‍ 24. അതുകൊണ്ടാണ് ഒക്ടോബര്‍ 24 എെക്യരാഷ്ട ദിനമായി ആചരിക്കുന്നത് . അന്നേ ദിവസം എെക്യരാഷ്ട സഭയില്‍ അംഗത്വമുള്ള എല്ലാ രാജ്യങ്ങളിലും എെക്യരാഷ്ട സഭയുടെ നേട്ടങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍, സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കാറുണ്ട്. ലോകമെങ്ങും ശാന്തിയും സമാധാനവും നിലനിര്‍ത്തുക, യുദ്ധത്തില്‍നിന്നും മാനവരാശിയെ രക്ഷിക്കുക, സ്ത്രീപുരുഷ സമത്വം ഉറപ്പു വരുത്തുക, നീതിയേയും രാജ്യാന്തര നിയമങ്ങളേയും പിന്തുണക്കുക, സാമൂഹിക പുരോഗതിയും ജീവിത നിലവാരവും ഉയര്‍ത്തുന്നതിനായി നിലകൊള്ളുക തുടങ്ങിയവയാണ് എെക്യരാഷ്ട സഭയുടെ ലക്ഷ്യങ്ങള്‍. എന്നാല്‍, രാജ്യങ്ങളുടെ സ്വാതന്ത്രൃത്തിലും പരമാധികാരത്തിലും കൈ കടത്താനുള്ള അവകാശം ഈ സംഘടനക്കില്ല. രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളും പ്രശ്നങ്ങളും പരിഹരിക്കാനുള്ള ഒരു വേദികൂടിയാണ് എെക്യരാഷ്ട സഭ.
ലോക വികസന വിവര ദിനം [World Development Information Day ] കൂടിയാണ് ഒക്ടോബര്‍ 24.
2016, ഒക്‌ടോബർ 22, ശനിയാഴ്‌ച
ഒക്ടോബര്‍ 24. അനശ്വര ഗായകന്‍ ശ്രീ. മന്നാഡെ ഓര്‍മ്മയായ ദിവസം
മലയാളികളുടെ മനസ്സുകളില്‍ മായാത്ത മുദ്രയായി ` മാനസ മൈന 'യെ പ്രതിഷ്ഠിച്ച മന്നാഡെ എന്ന അനശ്വര ഗായകന്‍ മണ്‍മറഞ്ഞത് 2013 ഒക്ടോബര്‍ 24ന് ആയിരുന്നു .
``ഓ.........
മാനസ മൈനേ വരൂ
മധുരം നുള്ളി തരൂ
നിന്‍ അരുമപ്പൂവാടിയില്‍
തേടുവതാരെ ആരെ [ മാനസ....] ''
മലയാള ചരിത്രം മാറ്റിക്കുറിച്ച `` ചെമ്മീന്‍ '' എന്ന സിനിമയില്‍ പാടിയ ഈ ഗാനത്തിലൂടെ മന്നാഡെ മലയാളികള്‍ക്ക് സുപരിചിതനായി. മലയാള സിനിമക്ക് ആദ്യമായി പ്രസിഡന്റിന്റെ സ്വര്‍ണ്ണമെഡല്‍ നേടിതന്ന, രാമു കരൃാട്ട് സംവിധാനം ചെയ്ത , `` ചെമ്മീന്‍ '' മലയാളികള്‍ പെട്ടെന്ന് മറക്കാന്‍ ഇടയില്ല. വയലാര്‍ രാമവര്‍മ്മ രചിച്ച് സലില്‍ ചൗധരി സംഗീത സംവിധാനം ചെയ്ത ഈ ഗാനം മന്നാഡെ ആലപിച്ചപ്പോള്‍ മലയാളികള്‍ കോരിത്തരിച്ചുപോയി.
`` നിലാവിന്റെ നാട്ടിലെ നിശാഗന്ധി പൂത്തല്ലോ (2)
കളിക്കൂട്ടുകാരനെ മറന്നു പോയോ (മാനസ.....)
കടലിലെ ഓളവും കരളിലെ മോഹവും (2)
അടങ്ങുകില്ലോമനേ അടങ്ങുകില്ല (മാനസ.....)''
പ്രണയത്തിന്റെ നിര്‍വൃതിയും വിരഹത്തിന്റെ വേദനയും ഇത്ര ഹൃദയസ്പര്‍ശിയായി ജനഹൃദയങ്ങളില്‍ എത്തിക്കാന്‍ മന്നാഡെക്കല്ലാതെ വേറെ ഏത് ഗായകനാണ് കഴിയുക?.
1919 മേയ് 1ന് പ്രബോധ് ചന്ദ്രാഡെ എന്ന മന്നാഡെ കൊല്‍കത്തയില്‍ ജനിച്ചു. പൂര്‍ണ്ണചന്ദ്രയും മഹാമായാദേവിയുമായിരുന്നു മാതാപിതാക്കള്‍ . കോളേജ് പഠനം പൂര്‍ത്തിയാക്കിയശേഷം 1943ല്‍ സംഗീത സംവിധായകനായി ചലച്ചിത്ര രംഗത്ത് വന്നു. 1950ല്‍ `` രാമരാജു '' എന്ന ചിത്രത്തിലൂടെ പിന്നണി ഗായകനായി. ഹിന്ദി, ഗുജറാത്തി, മറാത്തി, അസമിയ, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളില്‍ നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ശാസ്ത്രീയ സംഗീതത്തില്‍ വിദഗ്ദനാണ്. രണ്ടു തവണ ഗായകനുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട് . നിരവധി ചെറുതും വലുതുമായ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട് . പത്മഭൂഷണും , ദാദാസാഹിബ് ഫാല്‍കെ അവാര്‍ഡും നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട് .
മലയാളിയും നാടക പിന്നണി ഗായികയുമായിരുന്ന സുലോചനാകുമാരന്‍ ആണ് ഭാരൃ. മക്കള്‍ - ഷുരോമ, സുമിത. 2013 ഒക്ടോബര്‍ 24ന് ബാംഗ്ളൂര്‍ വച്ച് മന്നാഡയെന്ന അനശ്വര ഗായകന്‍ ഓര്‍മ്മയായി മാറി. ആ അതുല്ല്യ കലാകാരന്റെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .
2016, ഒക്‌ടോബർ 21, വെള്ളിയാഴ്‌ച
ഒക്ടോബര്‍ 23. ശ്രീ. ഭൈറോണ്‍ സിംഗ് ഷെഖാവത്തിന്റെ [Bhairon Singh Shekhawat ] ജന്മദിനം
Rajasthan ka ek hi Singh [The only lion of Rajasthan] [രാജസ്ഥാന്റെ ഒരേ ഒരു സിംഹം ] എന്നും, Babosa [ Head of the Family of Rajasthan ] എന്നുമുള്ള അപര നാമങ്ങളാല്‍ അറിയപ്പെട്ടിരുന്ന , ഇന്ത്യയുടെ മുന്‍ വൈസ് പ്രസിഡന്റ് ശ്രീ ഭൈറോണ്‍ സിംഗ് ഷെഖാവത്ത് രാജസ്ഥാനിലെ സിക്കാര്‍ എന്ന സ്ഥലത്ത് 1923 ഒക്ടോബര്‍ 23ന് ജനിച്ചു . ഇന്ത്യയുടെ പതിനൊന്നാമത്തെ വൈസ് പ്രസിഡന്റായിരുന്നു അദ്ദേഹം . 2002 ആഗസ്റ്റ് 19 മുതല്‍ 5 വര്‍ഷം അദ്ദേഹം വൈസ് പ്രസിഡന്റ് ആയിരുന്നു . അന്ന് ശ്രീ. എ.പി.ജെ. അബ്ദുള്‍ കലാം ആയിരുന്നു പ്രസിഡന്റ് .
മൂന്ന് പ്രാവിശ്യം രാജസ്ഥാന്‍ മുഖ്യമന്ത്രിയായിട്ടുണ്ട് ശ്രീ. ഷെഖാവത്ത്. 1977 -80 ലും,1990- 92 ലും , 1993 - 98 ലും . 1952ല്‍ രാഷ്ട്രീയത്തിലെത്തി. 1972ല്‍ ഒഴിച്ച് എല്ലാ ഇലക്ഷനിലും അദ്ദേഹം ജയിച്ചു. 1952ലും,1957ലും , 1962ലും, 1967ലും അദ്ദേഹം രാജസ്ഥാന്‍ MLA ആയിരുന്നു. 1973ല്‍ രാജ്യസഭാ മെമ്പറായി. അടിയന്തിരാവസ്ഥക്കു ശേഷം ജനതാപാര്‍ട്ടിയില്‍ ചേര്‍ന്നു. 1977ല്‍ മുഖ്യമന്ത്രിയായി. 1980ല്‍ BJP യില്‍ ചേര്‍ന്നു . MLA ആയി, പ്രതിപക്ഷ നേതാവായി. 1985ല്‍ വീണ്ടും MLA ആയി. 1990 ല്‍ മുഖ്യമന്ത്രിയായി. 1993ല്‍ മൂന്നാമതും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 1998ല്‍ അദ്ദേഹം MLA ആവുകയും പ്രതിപക്ഷ നേതാവാവുകയും ചെയ്തു . 2002ല്‍ ആണ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ് ആകുന്നത്. വിവാഹിതനായിരുന്നു. ഭാര്യ - ശ്രീമതി സൂരജ് കന്‍വാര്‍. ഒരേ ഒരു മകള്‍- ശ്രീമതി രത്തന്‍ കന്‍വാര്‍.
രാജസ്ഥാന്റെ സമഗ്ര വികസനത്തിന് ശ്രീ. ഷെഖാവത്ത് മുന്‍കൈ എടുത്തിട്ടുണ്ട്. ദരിദ്രരില്‍ ദരിദ്രരായ ജനങ്ങളെ സാമ്പത്തികമായി ഉയര്‍ത്തിക്കൊണ്ടു വരുവാന്‍ അദ്ദേഹം ``അന്ത്യോദയ് യോജന '' എന്ന പരിപാടി ആവീഷ്കാരിച്ച് നടപ്പിലാക്കുകയും അത് അന്താരാഷ്ട്ര പ്രശംസ പിടിച്ച് പറ്റുകയും ചെയ്തു . അന്നത്തെ വേള്‍ഡ് ബാങ്ക് ചെയര്‍മാന്‍ ആയിരുന്ന റോബര്‍ട്ട് മക്നാമാര ശ്രീ ഭൈറോണ്‍ സിംഗ് ഷെഖാവത്തിനെ വിശേഷിപ്പിച്ചത് `` Rockfeller of India '' എന്നായിരുന്നു. കഴിവുറ്റ സംഘാടകനും കറകളഞ്ഞ വ്യക്തിത്വത്തിന്റെ ഉടമയുമായിരുന്നു അദ്ദേഹം . 2010 മേയ് 15ന് ശ്രീ. ഭൈറോണ്‍ സിംഗ് ഷെഖാവത്ത് അന്തരിച്ചു . അദ്ദേഹത്തിന്റെ സ്മരണക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .