.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, ഒക്‌ടോബർ 28, വെള്ളിയാഴ്‌ച

ഒക്ടോബര്‍ 29. ശ്രീ കെ.പി. ഉമ്മര്‍ - ചരമ ദിനം

കോഴിക്കോട് ജില്ലയില്‍ തെക്കെപുറം എന്ന സ്ഥലത്താണ് പ്രശസ്ത സിനിമ നടനായിരുന്ന, കച്ചിനാംതൊടുകപുരയില്‍ ഉമ്മര്‍ എന്ന  ശ്രീ കെ. പി. ഉമ്മര്‍ ജനിച്ചത് . 1930ഒക്ടോബര്‍ 11ന് ആയിരുന്നു ജനനം . ടി. മുഹമ്മദ്കോയയും ബീവിയുമായിരുന്നു മാതാപിതാക്കള്‍ . പിതാവ് നേരത്തെ മരിച്ചതുകൊണ്ട് അമ്മാവന്റെ സംരക്ഷണത്തിലായിരുന്നു ബാല്യകാലം. നാടകത്തിലൂടെയാണ് അഭിനയ രംഗത്ത് എത്തുന്നത്.   ശ്രീ കെ. ടി. മുഹമ്മദിന്റെ നാടകങ്ങളിലൂടെ നാടക രംഗത്ത് നിലയുറപ്പിച്ച അദ്ദേഹം പിന്നീട് കെ. പി. എ. സി.യിലെത്തി. `പുതിയ ആകാശം പുതിയ ഭൂമി ', `ശരശയ്യ ', `അശ്വമേധം ' തുടങ്ങിയ നിരവധി നാടകങ്ങളില്‍ അഭിനയിച്ചു. 1956ല്‍ `രാരിച്ചന്‍ എന്ന പൗരന്‍ ' എന്ന സിനിമയിലൂടെ സിനിമാ രംഗത്ത് എത്തി. 1965ല്‍ ശ്രീ എം. ടി. വാസുദേവന്‍ നായരുടെ ` മുറപ്പെണ്ണ് ' എന്ന സിനിമയിലൂടെ ശ്രദ്ധേയനായി. സിനിമകളില്‍ വില്ലന്‍ കഥാപാത്രങ്ങളായാണ് കുടുതല്‍ അഭിനയിച്ചിട്ടുള്ളത്. ശ്രീ സത്യന്‍, പ്രേംനസീര്‍ തുടങ്ങിയവരുടെ കൂടെ പ്രതിനായകനായും വില്ലനായും രംഗത്ത് വന്നിട്ടുണ്ട്. ` ഡിക്ടറ്റീവ് 909 കേരളത്തില്‍ ' എന്ന ഒരു സിനിമയില്‍ നായകയായി അഭിനയിച്ചുവെങ്കിലും ആ സിനിമ വിജയിച്ചില്ല. വീണ്ടും വില്ലന്‍ വേഷങ്ങളും സഹനടന്‍ വേഷങ്ങളുമാണ് അഭിനയിച്ചത്. 50 വര്‍ഷത്തോളം നാടകത്തിലും സിനിമയിലുമായി നിറഞ്ഞു നിന്നു. 1998ല്‍ ഇറങ്ങിയ ` ഹരീകൃഷ്ണന്‍സ് ' ആയിരുന്നു അവസാനത്തെ സിനിമ .

                                                                            മലയാള സിനിമ രംഗത്തെ മികച്ച നടന്മാരില്‍ ഒരാളായിരുന്നു ശ്രീ കെ. പി. ഉമ്മര്‍ . വിവാഹിതനായിരുന്നു . മൂന്നു മക്കള്‍ . നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. `മുറപ്പെണ്ണ് ' എന്ന സിനിമയില്‍ കെ. പി. ഉമ്മറിന്റെ കഥാപാത്രം ശാരദയോട് പറയുന്ന ` ശാരദേ ഞാന്‍ ഒരു വികാര ജീവിയാണ് ' എന്നു പറയുന്ന ഡയലോഗ് ഇപ്പോഴും മിമിക്രി കലാകരന്മാര്‍ അനുകരിക്കാറുണ്ട് . കേരള സര്‍ക്കാരിന്റെ സഹ നടനുള്ള അവാര്‍ഡ് , സംഗീത നാടക അവാര്‍ഡ് ,തിക്കൊടിയന്‍ അവാര്‍ഡ് തുടങ്ങിയ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട് . 2001 ഒക്ടോബര്‍ 29ന് ശ്രീ കെ. പി. ഉമ്മര്‍ ഈ ലോകത്തോട് വിടപറഞ്ഞു. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരാഞ്ജലികൾ അര്‍പ്പിക്കുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ