`` സ്വാഭിപ്രായത്തെ പൂഴ്ത്തിവച്ച് മറ്റാരുമായിട്ടും സൗഹാര്‍ദം അഭിനയിക്കാന്‍ എന്നെക്കൊണ്ടാവില്ല ''. തന്റെ `കൊഴിഞ്ഞ ഇലകള്‍ ' എന്ന ആത്മകഥയില്‍ മുണ്ടശ്ശേരി മാസ്റ്റര്‍ എന്നറിയപ്പെടുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരി വ്യക്തമാക്കിയ ഈ നിലപാട് സത്യത്തിനും നീതിക്കും വേണ്ടിയുള്ള നിര്‍ഭയ ശബ്ദമായി നമുക്ക് കാണാന്‍ കഴിയും. പാവപ്പെട്ടവരുടെ കൂടെനില്‍ക്കാനുള്ള താല്പര്യം , സംഘടിത ശക്തികള്‍ക്കു മുന്‍പില്‍ അടിയറ വെക്കാന്‍ മനസ്സില്ല എന്ന ഉറച്ച തീരുമാനമെടുത്ത ആളാണ് അദ്ദേഹം .
മുണ്ടശ്ശേരി മാസ്റ്റര്‍ തൃശൂര്‍ ജില്ലയില്‍ കണ്ടശ്ശാംകടവില്‍ 1903 ജൂലൈ 17ന് ജനിച്ചു . മുണ്ടശ്ശേരി കുഞ്ഞുവറീതും ഭാരൃ ഇളച്ചിയുമായിരുന്നു മാതാപിതാക്കള്‍ . കണ്ടശ്ശാംകടവിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഊര്‍ജ്ജതന്ത്രത്തില്‍ ബിരുദവും സംസ്കൃതത്തിലും മലയാളത്തിലും ബിരുദാനന്തര ബിരുദവും എടുത്തു. തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ അദ്ധ്യാപകനായിരുന്ന കാലത്ത്, കേരളത്തിന്റെ മുഖ്യമന്ത്രിമാരായിരുന്ന ശ്രീ. ഇ.എം.എസ്. നമ്പൂതിരിപ്പാടും, ശ്രീ. അച്യുതമേനോനും അവിടെ വിദ്യാര്‍ത്ഥികളായിരുന്നു. ശിഷ്യനായിരുന്ന ശ്രീ. ഇ.എം.എസ്. മുഖ്യമന്ത്രിയായ മന്ത്രിസഭയില്‍ , ഗുരുവായ മുണ്ടശ്ശേരി മാസ്റ്റര്‍ വിദ്യാഭ്യാസ, സഹകരണ വകുപ്പ് മന്ത്രിയായിരുന്നു എന്നത് ചരിത്രത്തില്‍ അപൂര്‍വ്വ സംഭവം.
രാജ്യതന്ത്രജ്ഞന്‍, ഭരണകര്‍ത്താവ്, വാഗ്മി, പത്രാധിപര്‍, അദ്ധ്യാപകന്‍, സാഹിത്യകാരന്‍ തുടങ്ങിയ വിവിധ നിലകളില്‍ കേരളത്തിന്റെ സാമൂഹ്യ ,രാഷ്ട്രീയ രംഗങ്ങളില്‍ നിറഞ്ഞുനിന്ന ആളായിരുന്നു അദ്ദേഹം . ഒന്നാം കേരള നിമയസഭയിലെ വിദ്യാഭ്യാസ, സഹകരണ വകുപ്പ് മന്ത്രിയായിരുന്നു മുണ്ടശ്ശേരി മാസ്റ്റര്‍ . അധ്യാപകര്‍ക്ക് നിശ്ചിത സേവന കാലാവധി, മെച്ചമായ സേവന- വേതന വ്യവസ്ഥകള്‍ തുടങ്ങിയവ നേടി കൊടുത്ത വിദ്യാഭ്യാസ ബില്ലിന് രൂപം കൊടുത്തത് അദ്ദേഹമായിരുന്നു. ബില്‍ നിയമസഭയില്‍ പരാജയപ്പെട്ടെങ്കിലും , ബില്ലിലെ ആശയങ്ങള്‍ പിന്നീട് വന്ന സര്‍ക്കാരുകള്‍ ചെറിയ മാറ്റത്തോടെ നടപ്പിലാക്കി. തിരുവിതാംകൂര്‍ സര്‍വ്വകലാശാല, മദ്രാസ് സര്‍വ്വകലാശാല എന്നിവയില്‍ സെനറ്റംഗമായിരുന്നു. കൊച്ചി സാങ്കേതിക സര്‍വ്വകലാശാല സ്ഥാപിച്ചതും , തൃശൂര്‍ എഞ്ചിനിയറിംഗ് കോളേജ് , കൊല്ലത്തെ തങ്ങള്‍ കുഞ്ഞുമുസലിയാര്‍ [ T.K.M ] എഞ്ചിനിയറിംഗ് കോളേജ് എന്നിവ സ്ഥാപിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചതും പ്രധാന സംഭവങ്ങളാണ്. കൊച്ചി സര്‍വ്വകലാശാല വൈസ് ചര്‍സലര്‍ ആയിരുന്നു .തിരുവിതാംകൂര്‍ സര്‍വ്വകലാശാലയെ കേരള സര്‍വ്വകലാശാല എന്ന് പുനര്‍ നാമകരണം ചെയ്തത് അദ്ദേഹം ആയിരുന്നു .
പ്രജാമണ്ടലം വഴിയാണ് രാഷ്ട്രീയത്തില്‍ വന്നത്. 1948ല്‍ അര്‍ത്തൂക്കരയില്‍ നിന്ന് നിയമസഭാംഗമായി. പിന്നീട് 1954ല്‍ ചേര്‍പ്പില്‍ നിന്ന് തിരു - കൊച്ചി നിയമസഭാംഗമായി. കേരളപ്പിറവിക്കു ശേഷം 1957ല്‍ മണലൂരില്‍ നിന്ന് നിയമസഭാംഗമാവുകയും ഇ.എം.എസ്. മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയാവുകയും ചെയ്തു . 1970ല്‍ , തൃശൂര്‍ നിന്ന് വീണ്ടും നിയമസഭാംഗമായിട്ടുണ്ട്. രാഷ്ട്രീയം, വിദ്യാഭ്യാസം , സാഹിത്യം തുടങ്ങിയ മേഖലകളില്‍ തന്റെ കഴിവ് തെളിയിച്ച ആളാണ് അദ്ദേഹം . ` നവജീവന്‍ ' പത്രത്തിന്റെ പത്രാധിപര്‍ ആയിരുന്നു അദ്ദേഹം. 1957 മുതല്‍ 1965 വരെ കേരള സാഹിത്യ പരിഷത്തിന്റെ അദ്ധ്യക്ഷനായിരുന്നു.
ആഴമേറിയ ചിന്തയും ഉയര്‍ന്ന മൂല്യബോധവുമായിരുന്നു മുണ്ടശ്ശേരി മാസ്റ്ററുടെ മുഖമുദ്ര. നോവല്‍, ചെറുകഥ, യാത്രാവിവരണം, ആത്മകഥ, സാഹിത്യ നിരൂപണം തുടങ്ങി സാഹിത്യത്തിന്റെ വിവിധ രംഗങ്ങളില്‍ ശോഭിച്ചിരുന്ന ആളായിരുന്നു അദ്ദേഹം. എങ്കിലും സാഹിത്യ നിരൂപണം ആയിരുന്നു പ്രധാന മേഖല. രൂപഭദ്രതയെക്കുറിച്ച് സിദ്ധാന്തമവതരിപ്പിച്ചുകൊണ്ട് വ്യാഖ്യാന ശാസ്ത്രത്തില്‍ നൂതനമായ ഒരു ചരിത്രം സൃഷ്ടിച്ചു. സാഹിത്യം സാഹിത്യമാകണമെങ്കില്‍ അതിന് രൂപഭദ്രത വേണമെന്നാണ് അദ്ദേഹത്തിന്റെ വാദം. 1973ല്‍ കേരള സാഹിത്യ അക്കാഡമിയുടെ ഫെല്ലൊ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.1974ല്‍ സോവിയറ്റുലാന്റ് നെഹ്റു അവാര്‍ഡ് നേടി . `കൊഴിഞ്ഞ ഇലകള്‍ ' എന്നതാണ് അദ്ദേഹത്തിന്റെ ആത്മകഥ. നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട് .
വിവാഹിതനായിരുന്നു മുണ്ടശ്ശേരി മാസ്റ്റര്‍ . ഭാര്യ കുന്നത്തുവീട്ടില്‍ കത്രീന. ഏഴ് മക്കള്‍. മൂന്ന് ആണും നാല് പെണ്ണും. ബഹുമുഖ പ്രതിഭയായിരുന്ന മുണ്ടശ്ശേരി മാസ്റ്റര്‍ 1977 ഒക്ടോബര്‍ 25ന് അന്തരിച്ചു . മണ്‍മറഞ്ഞ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ശിരസ് നമിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ