.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, ഒക്‌ടോബർ 18, ചൊവ്വാഴ്ച

ഒക്ടോബര്‍ 19. അനുഗ്രഹീത കലാകാരി ശ്രീവിദ്യയുടെ ചരമ ദിനം

പ്രശസ്ത സിനിമാനടിയും ശാസ്ത്രീയ സംഗീതജ്ഞയുമായിരുന്ന ശ്രീവിദ്യ ചെന്നൈയിലെ ഒരു സാധാരണ ബ്രാഹ്മണ കുടുംബത്തില്‍ 1953 ജൂലൈ 24ന് ജനിച്ചു. തമിഴ് ഹാസ്യ താരമായിരുന്ന കൃഷ്ണമൂര്‍ത്തിയായിരുന്നു അഛന്‍. അമ്മ പ്രശസ്ത ശാസ്ത്രീയ സംഗീതജ്ഞയായിരുന്ന എം. എല്‍. വസന്തകുമാരി. 1966ല്‍ `തിരുശെല്‍വര്‍' എന്ന തമിഴ് സിനിമയില്‍  ബാലതാരം ആയിട്ടായിരുന്നു സിനിമയില്‍  തുടക്കം. 1969ല്‍ പി. സുബ്രഹ്മണ്യത്തിന്റെ `കുമാരസംഭവം' എന്ന സിനിമയിലൂടെയാണ് മലയാളത്തില്‍ എത്തുന്നത്.  1972ല്‍ `ദല്‍ഹി ടു മദ്രാസ് ' എന്ന സിനിമയിലൂടെ നായികയായി.  എന്‍. ശങ്കരന്‍നായരുടെ` ചട്ടമ്പി കവല' എന്ന മലയാള സിനിമയില്‍ ശ്രീ സത്യന്റെ നായികയായി. അഭിനയത്തിലൂടെ പ്രശസ്തി നേടുമ്പോഴും ശ്രീവിദ്യ നന്നായി പാടുകയും സംഗീത കച്ചേരി നടത്തുകയും ചെയ്തിരുന്നു. തമിഴ്, മലയാളം സിനിമകള്‍ക്കുവേണ്ടി പിന്നണി ഗായിക ആയിട്ടുണ്ട്. മലയാള സിനിമയിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്ന ശ്രീ  ജോര്‍ജ്തോമസിനെ 1978 ജനുവരി 9ന് വിവാഹം കഴിച്ചു. പക്ഷെ , അധിക കാലം ആ ദാമ്പത്യ ജീവിതം നീണ്ടുനിന്നില്ല. 1980ല്‍ വിവാഹ മോചനം നേടിയ ശ്രീവിദ്യ  ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് താമസം മാറ്റി. മലയാളം ,തമിഴ്, തെലുങ്ക്, കന്നട സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
                                                                           നിരവധി അവാര്‍ഡുകള്‍ ശ്രീവിദ്യക്ക് ലഭിച്ചിട്ടുണ്ട് . 1979ല്‍ `ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച', `ജീവിതം ഒരു ഗാനം' എന്നീ സിനിമകളിലെ അഭിനയത്തിനും, 1983ല്‍ `രചന' എന്ന സിനിമക്കും 1992ല്‍ `ദൈവത്തിന്റെ വികൃതികള്‍' എന്ന സിനിമക്കും കേരള സര്‍ക്കാരിന്റെ ഏറ്റവും നല്ല നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട് . 1985ല്‍ `ഇരകള്‍' എന്ന സിനിമക്കും , 1986ല്‍ ` എന്നെന്നും കണ്ണേട്ടന്റെ' എന്ന സിനിമക്കും കേരള സര്‍ക്കാരിന്റെ രണ്ടാമത്തെ നടിക്കുള്ള അവാര്‍ഡ് നേടി . 1977ല്‍ `മധുര ഗീതം' എന്ന സിനിമക്ക് തമിഴ്നാട് സര്‍ക്കാരിന്റെ ഏറ്റവും നല്ല നടിക്കുള്ള അവാര്‍ഡ് ലഭിച്ചു . കൂടാതെ  ചെറുതും വലുതുമായ നിരവധി അവാര്‍ഡുകള്‍ ഈ അനുഗ്രഹീത കലാകാരിയെ തേടി എത്തിയിട്ടുണ്ട് . 2003ല്‍ അര്‍ബുദ രോഗം ബാധിച്ചു ചികിത്സയിലായി. 2006 ഒക്ടോബര്‍ 19ന് ശ്രീവിദ്യയെന്ന അനുഗ്രഹീത കലാകാരി കാല യവനികക്കുള്ളില്‍ മറഞ്ഞു. അവരുടെ സ്മരണക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ