.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, ഒക്‌ടോബർ 2, ഞായറാഴ്‌ച

വേളാങ്കണ്ണി ദേവാലയം

                                                                        വേളാങ്കണ്ണി ദേവാലയം
തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിലെ വേളാങ്കണ്ണി പള്ളി [ആരോഗ്യമാത ദേവാലയം ,Basilica of Our Lady of Good Health ] ലോക പ്രശസ്തമാണ്. കത്തോലിക്കാ സഭയുടെ കീഴിലുള്ള തഞ്ചാവൂര്‍ രൂപതയുടെ കീഴിലാണ് ഈ ദേവാലയം . പതിനാറാം നൂറ്റാണ്ടില്‍ , ഇപ്പോള്‍ പള്ളി നില്‍ക്കുന്ന സ്ഥലത്തും സമീപ പ്രദേശത്തും ഉണ്ടായ മാതാവിന്റെ അത്ഭുത പ്രവര്‍ത്തനങ്ങള്‍ മൂലമാണ് ഈ ദേവാലയം ഇവിടെ സ്ഥാപിക്കാന്‍ ഇടയായതെന്ന് വിശ്വസിക്കപ്പെടുന്നു . പോര്‍ച്ചുഗീസുകാരായ നാവീകര്‍ സഞ്ചരിച്ചിരുന്ന കപ്പല്‍ കൊടുംകാറ്റില്‍ പെട്ട് ഈ പ്രദേശത്തു വന്നപ്പോള്‍ മാതാവ് ഇവര്‍ക്ക് പ്രത്യക്ഷപ്പെട്ടുവെന്നും കപ്പല്‍ ഇവിടെ സുരക്ഷിതമായി നങ്കൂരമിടാന്‍ സാധിച്ചുവെന്നും വിശ്വസിക്കപ്പെടുന്നു . മാതാവ് ഒരു ഇടയ ബാലന് ക്രിസ്തുവര്‍ഷം 1560ല്‍ പ്രത്യക്ഷപ്പെട്ടതാണ് ആദ്യത്തെ അത്ഭുതം. പാല്‍ വില്‍പ്പനക്കാരനായ ഈ ബാലന്‍ ഒരു കുളത്തിനു  സമീപത്തുള്ള മരചുവട്ടില്‍ വിശ്രമിക്കുമ്പോള്‍, ഒരു സ്ത്രീ പ്രത്യക്ഷപ്പെട്ട് തന്റെ മകന് കുടിക്കുവാന്‍ പാല്‍ ആവശ്യപ്പെട്ടുവെന്നും , ഈ ബാലന്‍ പാല്‍ നല്‍കിയെന്നും , സ്ഥിരമായി പാല്‍ നല്‍കുന്ന വീട്ടില്‍ എത്തി പാല്‍ നല്‍കാന്‍ പാത്രം തുറന്ന് നോക്കിയപ്പോള്‍ പാല്‍ ഒട്ടുംതന്നെ കുറഞ്ഞിട്ടില്ലായെന്ന് കാണുകയും, ഈ സംഭവങ്ങള്‍ ആ വീട്ടുകാരോട് വിവരിക്കുകയും ചെയ്തുവെന്നും, ആ വീട്ടുകാര്‍ സംഭവം നടന്ന സ്ഥലത്തു ചെന്നപ്പോള്‍ , മാതാവ് വീണ്ടും അവര്‍ക്ക് പ്രത്യക്ഷപ്പെട്ടുവെന്നും വിശ്വസിക്കപ്പെടുന്നു . ഇതറിഞ്ഞ ക്രൈസ്തവ വിശ്വാസികള്‍ ഈ ബാലന്‍ വിശ്രമിച്ചിരുന്ന മരത്തിനു സമീപത്തുള്ള കുളത്തിന് ` മാതാകുളം ' എന്ന് പേരിടുകയും ചെയ്തു .ഇങ്ങനെ നിരവധി അത്ഭുതങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. 1771ല്‍ ഇടവകയായി ഉയര്‍ത്തപെട്ടു.  സെപ്റ്റംബര്‍ മാസത്തിലെ എട്ടുനോമ്പ് തിരുനാളിന് ഇവിടെ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നു.1962ല്‍ ജോണ്‍ ഇരുപത്തിമൂന്നാമന്‍ ‍മാര്‍പാപ്പ ഈ ദേവാലയത്തെ ബസിലിക്കയായി ഉയര്‍ത്തി. ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്താണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്. വേളാങ്കണ്ണി പള്ളി സ്ഥിതി ചെയ്യുന്ന കാമ്പസില്‍ ബസിലിക്ക പള്ളി കൂടാതെ , നിത്യാരാധന കേന്ദ്രം, ആരോഗ്യമാതാ പള്ളി, മ്യൂസിയം, കുരിശിന്റെ വഴി, ജപമാല സ്റ്റേഷനുകള്‍, വിശുദ്ധ പാത, ഏഴു കൂദാശകള്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മരിയോളജി, മാതാകുളം, ധ്യാന കേന്ദ്രം, കരുണ ഇല്ലം, ഔര്‍ ലേഡി ഓഫ് ടാങ്ക് ചര്‍ച്ച്, സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച്, ഔര്‍ ലേഡി ഓഫ് ഡോളറസ് ചര്‍ച്ച്, മോണിംഗ് സ്റ്റാര്‍ ചര്‍ച്ച്, നാടുതിട്ടു ചര്‍ച്ച്, തുടങ്ങിയ സ്ഥലങ്ങളില്‍ വിശ്വാസികള്‍ കൂട്ടത്തോടെ വന്ന് പ്രാര്‍ത്ഥിക്കുന്നു .ഓഗസ്റ്റ് 29 മുതല്‍ ഡിസംബര്‍ 8 വരെയാണ് കൂടുതല്‍ വിശ്വാസികള്‍ വരുന്നത്. ലോക പ്രശസ്തമായ ഈ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും നിരവധി വിശ്വാസികള്‍ വന്ന് പ്രാര്‍ത്ഥിക്കുകയും അനുഗ്രഹങ്ങള്‍ പ്രാപിക്കുകയും ചെയ്യുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ