.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, ഒക്‌ടോബർ 8, ശനിയാഴ്‌ച

ഒക്ടോബര്‍ 11 . ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ജന്മദിനം .

`` മലയപ്പുലയനാ മാടത്തിന്‍ മുറ്റത്തു ,
    മഴ വന്ന നാളൊരു വാഴ നട്ടു.''
മലയാളികള്‍ നെഞ്ചോടു ചേര്‍ത്ത് എന്നും ആസ്വദിക്കുന്ന വരികള്‍. ചങ്ങമ്പുഴയുടെ ` വാഴക്കുല ' എന്ന കവിത മലയാളി എളുപ്പം മറക്കാന്‍ ഇടയില്ല. ജന്മി- കുടിയാന്‍ വ്യവസ്ഥക്കെതിരെയുള്ള കവിയുടെ രോഷം ഈ കവിതയില്‍ പ്രകടമാണ്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ദ്ധിച്ചു വരുന്ന ഇക്കാലത്ത് ഈ കവിതക്ക് പ്രത്യേക പ്രസക്തിയുണ്ട്.
`` ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ,
    പതിതരെ നിങ്ങള്‍ തന്‍ പിന്‍മുറക്കാര്‍ ''.
സാമൂഹിക അസമത്വങ്ങള്‍ക്കെതിരെ പ്രതികരിക്കാനുള്ള കവിയുടെ ആഹ്വാനം ``വാഴക്കുല ''എന്ന കവിത വായിച്ച ആരുംതന്നെ മറന്നിട്ടുണ്ടാകില്ല. എറണാകുളം ജില്ലയിലെ ഇടപ്പള്ളിയില്‍ തെക്കേടത്തു വീട്ടില്‍ നാരായണ മേനോന്‍ - ചങ്ങമ്പുഴ തറവാട്ടില്‍ പാറുക്കുട്ടിയമ്മ ദമ്പതികളുടെ  മകനായി 1911ഒക്ടോബര്‍ 11ന് ശ്രീ ചങ്ങമ്പുഴ കൃഷ്ണപിള്ള ജനിച്ചു . ഇടപ്പള്ളി മലയാളം പ്രൈമറി സ്കൂളിലും, എറണാകുളം സര്‍ക്കാര്‍ സ്കൂളിലും, സെന്റ് ആല്‍ബര്‍ട്ട്സ് സ്കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം . എറണാകുളം മഹാരാജാസ് കോളേജ് ,തിരുവനന്തപുരം ആര്‍ട്ടസ് കോളേജ് എന്നിവിടങ്ങളില്‍ ആയിരുന്നു ഉന്നത വിദ്യാഭ്യാസം . ബി.എ. ഓണേഴ്സ് ബിരുദ ധാരിയാണ്. കവിതാസമാഹാരങ്ങളും , ഖണ്ഡ കാവ്യങ്ങളും, പരിഭാഷകളുമടക്കം അന്‍പത്തിയേഴു കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. എല്ലാ കൃതികളും ശ്രദ്ധേയമാണെങ്കിലും 1936ല്‍ ഇറങ്ങിയ ` രമണന്‍ ' മലയാളി മനസ്സുകളില്‍ ഏറ്റവും കൂടുതല്‍ ചലനങ്ങളുണ്ടാക്കിയെന്ന് തോന്നുന്നു . രമണന്‍ എന്ന  നിര്‍ധനനായ ഇടയ  യുവാവിന്റേയും ചന്ദ്രികയെന്ന ധനിക യുവതിയുടേയും പ്രണയം, അവസാനം വഞ്ചിതനാകുന്ന നായകന്റെ ആത്മഹത്യ എന്നിവയാണ്  രമണന്റെ പ്രമേയം. സരളവും ,സംഗീത സാന്ദ്രവും, വികാര തരളിതവുമായ ശൈലിയുള്ള `രമണന്‍' ജന ഹൃദയങ്ങളില്‍ വളരെ പെട്ടെന്ന് ഇടം പിടിച്ചു. പിന്നീട്  `രമണന്‍ ' സിനിമയാക്കിയപ്പോള്‍ ചങ്ങമ്പുഴയുടെ വരികള്‍ക്ക് കെ.രാഘവന്‍ ഈണം നല്‍കിയപ്പോള്‍ കേള്‍ക്കാന്‍ വളരെ ഇമ്പമുള്ളതായി.
``മലരണിക്കാടുകള്‍ തിങ്ങി വിങ്ങി,
  മരതക കാന്തിയില്‍ മുങ്ങി മുങ്ങി,
  കരളും മിഴിയും കവര്‍ന്നു മിന്നി,
  കറയറ്റൊരാലസല്‍ ഗ്രാമ ഭംഗി..........
എന്നു തുടങ്ങുന്ന ഗാനം കേരളീയ ഗ്രാമങ്ങളുടെ ഭംഗി വര്‍ണ്ണിക്കുന്നതാണ്.
``എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും
  അവിടെല്ലാം പൂത്ത മരങ്ങള്‍ മാത്രം
  അഴകുമാരോഗ്യവും സ്വസ്ഥതയും
    അവിടത്തില്‍ മൊട്ടിട്ടു നിന്നിടുന്നു.''
കവിയുടെ വര്‍ണ്ണനാ ചാതുര്യം തെളിയിക്കുന്ന വരികള്‍ . 1948 ജൂണ്‍ 17ന് മുപ്പത്തിയേഴാമത്തെ വയസ്സില്‍ ശ്രീ ചങ്ങമ്പുഴ കൃഷ്ണപിള്ള അന്തരിച്ചു . ചങ്ങമ്പുഴയുടെ സ്മരണക്കായി ഇടപ്പള്ളിയില്‍ സാംസ്കാരിക സമിതി പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ , ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല, കലാവേദി, പാര്‍ക്ക് എന്നിവയും സ്ഥാപിച്ചിട്ടുണ്ട്.
``കാനന ഛായയിലാടു മേയ്ക്കാന്‍,
  ഞാനും വരട്ടയോ നിന്റെ കൂടെ,
  പാടില്ല പാടില്ല നമ്മെ നമ്മള്‍ ,
  പാടേ മറന്നൊന്നും ചെയ്തു കൂടാ, [കാനന...]
  ഒന്നാ വനത്തിലെ കാഴ്ച കാണാന്‍ ,
  എന്നേയും കൂടൊന്നു കൊണ്ടു പോകൂ,
  നിന്നെയൊരിക്കല്‍ ഞാന്‍ കൊണ്ടു പോകാം,
  ഇന്നു വേണ്ടിന്നുവേണ്ടോമലാളെ '' [ഒന്നാ....], [ കാനന....]
അതെ , ചങ്ങമ്പുഴയെന്ന അനശ്വരനായ കവി, കാവ്യ ലോകത്തിലെ മുടിചൂടാ മന്നന്‍, മലയാളത്തിന്റെ ഭാവ ഗാന രചയിതാവ് , നമ്മളേയും കൂട്ടികൊണ്ടു പോകാന്‍ വരുമെന്ന് നമുക്ക് ആശിക്കാം. ചങ്ങമ്പുഴയുടെ സ്മരണക്കു മുമ്പില്‍ ശിരസ്സ് നമിക്കുന്നു.
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ